dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ കേസന്വേഷണ സംഘം അപേക്ഷ നൽകി. ഇന്ന് രാവിലെ കേസിന്റെ സാക്ഷി വിസ്താരത്തിനിടെയാണ് പുതിയൊരു അപേക്ഷ പ്രോസിക്യൂട്ടർ കോടതിയ്ക്ക് കൈമാറിയത്. സംവിധായകന്റെ വെളിപ്പെടുത്തൽ സമൂഹമാദ്ധ്യമങ്ങളിലടക്കം വന്നതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സംവിധായകൻ പരാതിയോടൊപ്പം സമർപ്പിച്ച ശബ്ദരേഖ കേസിൽ നിർണായകമാണ്. നിലവിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച രേഖകളോട് ഒത്തുപോകുന്ന തെളിവുകളാണ് അദ്ദേഹം ഹാജരാക്കിയതെന്നും സൂചനയുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിലെ പുതിയ വിവരങ്ങളാണെന്നും അതിനാൽ ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും അപേക്ഷയിൽ പറയുന്നു.

കേസിലെ പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്രകുമാർ. 2014ൽ തുടങ്ങിയ സൗഹൃദം 2021 ഏപ്രിൽ വരെ തുടർന്നിരുന്നു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചിരുന്നെന്നും, താൻ ഇതിന് സാക്ഷിയാണെന്നും അഭിമുഖത്തിൽ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഒരു വി ഐ പിയായിരുന്നു നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ സഹോദരൻ അനൂപും, സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ ദൃശ്യങ്ങൾ കണ്ടതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപിന്റെ വീട്ടിലെ പാലുകാച്ചൽ ചടങ്ങ് നടന്നതിന്റെ പിറ്റേന്ന് അവിടെ പോയിരുന്നുവെന്നും, അവിടെ സുനിയെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് പറഞ്ഞ് പുറത്തുവന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ ദിലീപിനെ വിളിച്ച്, സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ എന്ന് ചോദിച്ചു. ഏത് പയ്യനെന്നായിരുന്നു ദിലീപ് തിരിച്ച് ചോദിച്ചതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

പിന്നീട് തന്റെ കൂടെ പൾസർ സുനിയെ കണ്ട വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. റിമാൻഡിലായിരിക്കെ ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ട് ദിലീപും ബന്ധുക്കളും തന്നോട് സ്‌നേഹം അഭിനയിച്ചു. സഹോദരി ഭർത്താവ് വിളിച്ചു. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ബാലുവിന്റെ ഭാഗത്തുനിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നതുവരെ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞതെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

പ്രോസിക്യൂഷന്റെ അപേക്ഷയിൽ വിചാരണ കോടതിയുടെ തീരുമാനം കേസിൽ നിർണായകമാകും. നടിയെ ആക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലാണിപ്പോൾ. ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.