moradabad-express

ലക്നൗ: 12 മണിക്കൂർ ട്രെഡ് മില്ലിൽ ഓടി ഫിറ്റ്നസ് തെളിയിച്ചിരിക്കുകയാണ് ' മൊറാദാബാദ് എക്സ്പ്രസ് ". ട്രയിൻ എങ്ങനെ ട്രെഡ് മില്ലിൽ ഓടുമെന്ന് ചിന്തിക്കാൻ വരട്ടെ. കടുത്ത ഫിറ്റ്നസ് പ്രേമിയായ

യു.പിയിലെ മൊറാദാബാദ് സ്വദേശിയായ സൈനുൽ അബേദിന്റെ അപരനാമമാണ് മൊറാദാബാദ് എക്സ്പ്രസ്.

66 കിലോമീറ്ററാണ് ഈ സമയത്തിനുള്ളിൽ സൈനുൽ ഓടിത്തീർത്തത്.ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ പറ്റി ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ദിനത്തിലാണ് സൈനുൽ അബേദിൻ 12 മണിക്കൂർ ഓടിയത്.

ഗിന്നസ് റെക്കാഡാണ് സൈനുലിന്റെ അടുത്ത ലക്ഷ്യം. ഇതാദ്യമായല്ല സൈനുൽ കായികപരമായ വെല്ലുവിളികൾ ഏറ്റെടുക്കുന്നത്. 2018ൽ, സ്ത്രീകളോടുള്ള ആദരസൂചകമായി ഡൽഹിയിലെ ഇന്ത്യാ ഗേറ്റ് മുതൽ ആഗ്രയിലേക്കും ജയ്പൂരിലേക്കും തിരിച്ച് ഡൽഹിയിലേക്കും സൈനുൽ ഓടിയിരുന്നു. 7 ദിവസവും 22 മണിക്കൂറും കൊണ്ടാണ് സൈനുൽ ഇത് പൂർത്തിയാക്കിയത്. ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിൽ സൈനുൽ ഇടംനേടിയിരുന്നു. കൊവിഡ് മഹാമാരി സമയത്ത് പൊലീസുകാരോടുള്ള ബഹുമാനാർത്ഥം സൈനുൽ 50 കിലോമീറ്റർ ദൂരവും ഓടിയിരുന്നു.