
ചിറ്റൂർ: ഓപറേഷൻ 22ന്റെ ഭാഗമായി വേലന്താവളത്ത് എക്സൈസിന്റെ വാഹനപരിശോധനയിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് എത്തിക്കുന്നതിനുള്ള കഞ്ചാവാണ് പിടികൂടിയത്. ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ ഹരിനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് കല്ലായി സ്വദേശിയായ ബീരാൻ കോയ മകൻ നജീബ് (65), വടകര ചോമ്പാല സ്വദേശി രാമൻ മകൻ രാമദാസൻ (62) എന്നിവരെ പിടികൂടി.
റേഷൻ അരി എന്ന വ്യാജേനയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. മഹാരാഷ്ട്ര രജിസ്ട്രേഷനിൽ ഉള്ള ആഡംബര കാറിൽ അഭിഭാഷകരുടെ സ്റ്റിക്കർ പതിച്ചിരുന്നു. പരിശോധന ഒഴിവാക്കുന്നതിന് വേണ്ടിയാണിതെന്നാണ് സംശയം. വാഹനത്തിന്റെ ഡിക്കിയിലും പിൻസീറ്റിൽ കറുത്ത തുണിവച്ച് മറച്ചുമാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒരു കോടി രൂപയിൽ അധികം വില മതിക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിപണിയിൽ വലിയ മൂല്യം ഉള്ള കാക്കിനാട കഞ്ചാവാണ് കടത്തിക്കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ശിവശങ്കരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിക്കുട്ടൻ, ശരവണൻ, വേണുഗോപാലൻ വളതല എന്നിവർ പങ്കെടുത്തു.