governor-cm

തിരുവനന്തപുരം: കണ്ണൂർ വി സി വിവാദത്തിൽ സർക്കാരിനെ വീണ്ടും വെട്ടിലാക്കി ഗവർണർ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഇന്നലെ കോടതി അയച്ച നോട്ടീസ് കൈപ്പറ്റാൻ ഗവർണർ തയ്യാറായില്ല. നോട്ടീസ് സർക്കാരിന് കൈമാറാൻ ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി നോട്ടീസ് സർവകലാശാല ചാൻസലർക്കാണെന്നും എട്ടാം തീയതി മുതൽ താൻ ചാൻസലർ അല്ലെന്നും ഗവർണർ ആരിഫ് ഖാൻ പറഞ്ഞു. നോട്ടീസിൽ സർക്കാർ തന്നെ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസില്‍ ജനുവരി 12 നാണ് കോടതി വാദം കേള്‍ക്കുന്നത്. ഗവര്‍ണര്‍ക്ക് വേണ്ടി അഡ്വക്കറ്റ് ജനറൽ ഹാജരാവില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും കാട്ടി ഗവര്‍ണര്‍ സർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്.