onions

ന്യൂഡൽഹി: ഖാരിഫ് വിളവെടുപ്പിലെ (മഴക്കാല കൃഷി) കാലതാമസവും ഉത്പാദനക്കുറവും ഉയർന്ന വിലയും മൂലം ആഗോള വിപണിയിൽ ഇന്ത്യൻ സവാള നേരിടുന്നത് കനത്ത തിരിച്ചടി. മോശം കാലാവസ്ഥ കാർഷികോത്പന്നത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചതും തിരിച്ചടിയാണെന്ന് ഹോർട്ടികൾച്ചർ പ്രൊഡ്യൂസ് എക്‌‌സ്‌പോർട്‌സ് അസോസിയേഷൻ (എച്ച്.പി.ഇ.എ) വ്യക്തമാക്കി.

ഒക്‌ടോബർ-നവംബറിലെ കനത്ത മഴമൂലം ദക്ഷിണേന്ത്യയിൽ നിന്നുള്ള സ്‌റ്റോക്ക് കുത്തനെ കുറഞ്ഞത് കയറ്റുമതിയെ സാരമായി ബാധിച്ചു. പ്രമുഖ ഉത്‌പാദക കേന്ദ്രമായ ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്ന് സ്‌റ്റോക്ക് എത്താത്ത സ്ഥിതിയാണ്. കൃഷി നശിച്ചതിനാൽ കടപ്പയിൽ കൃഷി പുനരാരംഭിക്കേണ്ട അവസ്ഥയാണുള്ളത്. കടപ്പയിൽ നിന്ന് നവംബറിൽ വിപണിയിലേക്ക് എത്തേണ്ട ഉത്‌പന്നങ്ങൾ,​ പുതുവർഷത്തിലെ (ജനുവരി ആദ്യവാരം)​ എത്തൂ.

കർണാടകയിൽ നിന്നുള്ള സ്‌റ്റോക്ക് ഇനി ഫെബ്രുവരിയിലേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന് അഗ്രി കൊമ്മോഡിറ്റീസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (എ.സി.ഇ.എ)​ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദക-സംഭരണ കേന്ദ്രമായ നാസിക്കിൽ നിന്നുള്ള സ്‌റ്റോക്ക് മഹാരാഷ്‌ട്രയിലെ വിവിധ ഇടങ്ങളിൽ എത്തിത്തുടങ്ങി. എന്നാൽ,​ നാസിക്കിൽ കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴയുണ്ടായത് ആശങ്കയുണർത്തുന്നുണ്ട്.

വെല്ലുവിളിച്ച് പാകിസ്ഥാൻ

കയറ്റുമതിക്കുള്ള ഇന്ത്യൻ സവാളയ്ക്ക് ടണ്ണിന് 500 ഡോളറാണ് വില (ഏകദേശം 37,​375 രൂപ)​. ഈ രംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ പാകിസ്ഥാന്റെ സവാളയ്ക്ക് 300 ഡോളറേ വിലയുള്ളൂ (22,​450 രൂപ)​. ഈ വിലയന്തരം ഇന്ത്യൻ സവാളയെ സാരമായി ബാധിക്കുകയാണ്. പൊതുവേ ഉന്നത നിലവാരമുള്ളതാണ് ഇന്ത്യൻ സവാളയെങ്കിലും മോശം കാലാവസ്ഥമൂലം നിലവാരത്തകർച്ച ഉണ്ടായതും തിരിച്ചടിയാണ്.

 പ്രമുഖ വിപണിയായ ശ്രീലങ്കയിൽ നിന്ന് സാമ്പത്തിക പ്രതിസന്ധി മൂലം ഓർഡറുകൾ കുറഞ്ഞതും കയറ്റുമതിയെ ബാധിക്കുന്നു.

 ശ്രീലങ്കയിൽ നിന്ന് നേരത്തേയുള്ള ഓർഡറിന്റെ പണംപോലും കിട്ടാത്തതിനാൽ, അങ്ങോട്ടേക്കുള്ള കയറ്റുമതി നിറുത്തിവച്ചിരിക്കുകയാണ് കയറ്റുമതിക്കാർ.