
മലപ്പുറം: വർഗീയതയുടെ കാര്യത്തിൽ മുസ്ളിം ലീഗിന്റെ മത്സരം എസ്ഡിപിയുമായിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഴയത് പോലെ നുണ പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ ഇക്കാലത്ത് വിജയിക്കില്ല. ജനങ്ങൾക്ക് സത്യം തിരിച്ചറിയാൻ കഴിയുമെന്ന് എല്ലാവരും ഓർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലീഗ് എസ്.ഡി.പി.ഐയെ പോലെ തീവ്രമായ രാഷ്ട്രീയ നിലപാട് കൈക്കൊള്ളുകയാണ്. അത് അവരെ എവിടെയാണ് എത്തിക്കുകയെന്ന് കാത്തിരുന്ന് കാണാം. വർഗീയ കക്ഷികളുമായി ലീഗ് സന്ധി ചെയ്യുകയാണ്. ലീഗിന്റെ നിലപാടുകൾ രാഷ്ട്രീയ പാർട്ടിക്ക് യോജിച്ചതല്ലെന്നും അവർ വർഗീയ കക്ഷികളുടെ നിലപാടിലേക്ക് പോകുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. മതനിരപേക്ഷമല്ല ജമാഅത്തെ ഇസ്ലാമിയുടെ നിലപാടെന്നും അവർ പൊയ്മുഖങ്ങൾ കാണിക്കാൻ ശ്രമിക്കുമെന്ന കാര്യം ആളുകൾക്ക് മനസിലായി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ പിതാവിനെതിരെ ലീഗ് ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും താൻ കുട്ടിയായിരിക്കുമ്പോൾ മരിച്ച് പോയ പിതാവിന് വഖഫ് ബോർഡ് നിയമനവുമായി എന്ത് ബന്ധമെന്നാണ് ലീഗ് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 'ഞാൻ ചെത്തുകാരന്റെ മകനാണെന്ന് ലീഗുകാർ ഓർമ്മിപ്പിക്കുന്നു. അതിൽ അഭിമാനിക്കുന്നയാളാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്' അദ്ദേഹം വ്യക്തമാക്കി.