
ദിവസം രണ്ട് രൂപ മുടക്കാൻ തയ്യാറാണെങ്കിൽ പ്രതിമാസം 3000 രൂപ (വർഷം 36000 രൂപ) പെൻഷൻ ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയുണ്ട്. പ്രധാനമന്ത്രി ശ്രം യോഗി മൻ ധൻ യോജന എന്നാണ് പദ്ധതിയുടെ പേര്. 60 വയസ്സ് തികഞ്ഞതിന് ശേഷം കുറഞ്ഞത് 3,000 രൂപ പ്രതിമാസ പെൻഷനാണ് പദ്ധതി ഉറപ്പു നൽകുന്നത്. വരിക്കാരൻ 60 വയസ്സിന് മുമ്പ് മരിച്ചാൽ, പങ്കാളിയ്ക്ക് മാത്രമേ പെൻഷൻ തുകയുടെ അമ്പത് ശതമാനം ലഭിക്കാൻ അർഹതയുള്ളൂ.
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾ, കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവർ, നിർമാണ മേഖലയിലെ തൊഴിലാളികൾ, ബീഡിതൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ,മേട്ടോർ വെഹിക്കിൽ ജീവനക്കാർ തുടങ്ങിയവർക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം.
ഈ പദ്ധതിയിൽ 18ാം വയസ്സിൽ ചേരുന്ന ഒരു തൊഴിലാളി പ്രതിമാസം സംഭാവന നൽകേണ്ടത് വെറും 55 രൂപ ആയിരിക്കും. പ്രായത്തിനനുസരിച്ച് ഉപഭോക്താക്കളുടെയും സർക്കാരിന്റെയും സംഭാവന തുക ഉയരും. യോഗ്യരായ ഗുണഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള പൊതു സേവന കേന്ദ്രങ്ങളിൽ എത്തി പദ്ധതിയിൽ ചേരാം.
പെൻഷൻ അക്കൗണ്ട് തുറക്കാൻ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ജൻ ധൻ അക്കൗണ്ടും ആധാർ കാർഡും ആവശ്യമാണ്. രാജ്യത്തുടനീളമുള്ള 3 ലക്ഷത്തിലധികം സിഎസ്‌സികളിൽ ഈ സേവനം ലഭ്യമാണ്. സിഎസ്‌സികളിൽ പദ്ധതി വിജയകരമായി രജിസ്റ്റർ ശേഷം ഗുണഭോക്താവിന് ഒരു യൂണിക്ക് ഐഡി നമ്പരും ലഭിക്കും.ഇ.എസ്.ഐ, എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട്, ദേശീയ പെൻഷൻ പദ്ധതി എന്നിവയിൽ അംഗമായവർക്ക് പദ്ധതി ബാധകമല്ല.