
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ നടൻ ശ്രമിച്ചിരുന്നുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. കേസിലെ പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും, ഇക്കാര്യം ആരോടും പറയാതിരിക്കാൻ കാവ്യ മാധവൻ ഉൾപ്പടെയുള്ളവർ നിർബന്ധിച്ചുവെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിലെ പുതിയ വിവരങ്ങളാണെന്നും അതിനാൽ ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും അപേക്ഷയിൽ പറയുന്നു. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. വി.എൻ.അനിൽകുമാർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.വിചാരണ കോടതി ജഡ്ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്നാണ് രാജി. രണ്ടാംതവണയാണ് ഈ കേസിലെ പ്രോസിക്യൂട്ടർ രാജിവയ്ക്കുന്നത്.