
ശ്രീനാരായണഗുരുദേവൻ കല്പിച്ചനുവദിച്ചനുഗ്രഹിച്ച ശിവഗിരി തീർത്ഥാടനം തുടങ്ങിയിട്ട് എൺപത്തി ഒൻപത് വർഷം പൂർത്തിയാവുകയാണ്. ഇന്നു ലോകത്തെത്തന്നെ ഒരു വിരൽത്തുമ്പുകൊണ്ട് തൊടാനാവു ന്ന നിലയിലേക്ക് ശാസ്ത്രവും സാങ്കേതിക വിജ്ഞാനവും വളർന്നുവന്നിരിക്കുന്നു. "സാങ്കേതികം' എന്ന വാക്കു തന്നെ സമൂഹത്തിനു അപരിചിതമായിരുന്ന ഒരു കാലത്താണ് 1928- ൽ ഗുരു ശാസ്ത്രസാങ്കേതിക പരിശീലനം എന്ന ലക്ഷ്യം ശിവഗിരി തീർത്ഥാടനത്തിന്റെ ഉള്ളടക്ക ത്തോട് ചേർത്തു വെച്ചതെന്നോർക്കണം. ഇങ്ങനെ മനുഷ്യനെ ഒരു സമ്പൂർണ്ണമനുഷ്യനും, ലോകത്തെ സർവ്വരും സോദ രത്യേന വാഴുന്ന ഒരു മാതൃകാലോകവും ആക്കി പുനരവതരിപ്പിക്കുക എന്നതാണു ശിവഗിരി തീർത്ഥാടനത്തിന്റെ ചരിത്രപരമായ ദൗത്യം. സർവ്വാത്മഭാവത്തിലേക്കുയരുവാനുള്ള അറിവിന്റെ ശ്രീകോവിലിലേക്കാണു ശിവഗിരി തീർത്ഥാടനം മനുഷ്യനെ നയിക്കുന്നത്. തീർത്ഥാടനവിഷയങ്ങളായി ഗുരുദേവൻ ഊന്നിപ്പറഞ്ഞ എട്ടു വിഷയങ്ങളിലും അ പരപ്രകൃതിയ്ക്കധീനമാകാത്തവിധം അറിവ് നേടി കർമ്മനിരതനാകുന്നവനാണ് സമൂഹത്തിനും ലോകത്തിനും ദിശാബോധം നല്കുവാൻ അർഹനും യോഗ്യനുമായിത്തീരുക. ഈ വിധം സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും വിളക്കും വെളിച്ചവുമായിത്തീ രുവാൻ തക്കവിധം മനുഷ്യനെ പരിവർത്തനപ്പെടുത്തുന്ന ദാർശനികാടിത്തറയാണ് ശിവഗിരി തീർത്ഥാടനത്തിനുള്ള ത്. അറിവിന്റെ സോപാനത്തിലേക്കാണു ഓരോ ശിവഗിരി തീർത്ഥാടകന്റെയും സഞ്ചാരം. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി എന്നീ പഞ്ചശുദ്ധികളോടെ 10 ദിവസം വ്രതമായി ആചരിക്കുന്ന ഏതൊരാൾക്കും ശിവഗിരി തീർത്ഥാടകനാകാം. ജാതിമതദേശഭാഷാപരവും വിശ്വാസ ആചാരപരവു മായ യാതൊരു ഭേദങ്ങളുമില്ലാതെ ലോകത്തെ സമസ്ത മനുഷ്യർക്കും സമഭാവനയുടെയും സമബുദ്ധിയുടെയും നിറ വിൽ ഈ തീർത്ഥാടനപാഥേയത്തിലൂടെ സഞ്ചരിക്കാം. ശുദ്ധിയും ഭക്തിയും കൊണ്ട് പവിത്രമായിത്തീരുന്ന ഹൃദയ ത്തിൽ അറിവിന്റെ തിരികൾ തെളിച്ചുകൊണ്ടാണ് ഓരോ തീർത്ഥാടകനും ശിവഗിരിയിൽ നിന്നും മടങ്ങുന്നത്. മറ്റു തീർത്ഥാടനങ്ങൾ പൊതുവിൽ വിശ്വാസത്തിനും ആചാരത്തിനും കരുത്തേകുമ്പോൾ ശിവഗിരി തീർത്ഥാടനം അറി വിലൂടെ ഒരു സ്വയം നവീകരണത്തിനുള്ള കരുത്തും സാധ്യതകളുമാണ് നല്കുന്നത്.
ശിവഗിരി തീർത്ഥാടനം മീഡിയാ കമ്മിറ്റി ചെയർമാനാണ് ലേഖകൻ