sbi-robbery

മുംബയ്: ബാങ്കിൽ നടന്ന കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാരനെ വെടിവച്ചു കൊന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബയ് ദഹിസർ ബ്രാഞ്ചിലാണ് സംഭവം നടന്നത്. 25കാരനായ സന്ദേശ് ഗോമർ എന്ന ജീവനക്കാരനാണ് വെടിയേറ്റത്. ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. രണ്ടുപേരടങ്ങുന്ന സംഘമാണ് ബാങ്ക് കൊള്ളയടിക്കാനെത്തിയത്. ബാങ്കിന് പുറത്തു നിന്നിരുന്ന സന്ദേശ് ഗോമർ ടവ്വൽ കൊണ്ട് മുഖം മറച്ച രണ്ടുപേർ ബാങ്കിനുള്ലിൽ പ്രവേശിക്കുന്നത് കണ്ടു. സംശയം തോന്നിയതിനാൽ അവരെ തടഞ്ഞുനിർത്തി. ഉടൻ തന്നെ മോഷ്ടാക്കളിലൊരാൾ തോക്കെടുത്ത് സന്ദേശിന്റെ നെഞ്ചിൽ വെടിയുതിർത്തു. ശേഷം രണ്ട് മിനിട്ടിനുള്ളിൽ പ്രതികൾ മറ്റു ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കയ്യിൽ കിട്ടിയ പണവുമായി രക്ഷപ്പെടുകയായിരുന്നു. സന്ദേശിനെ ആശുപത്രയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. എസ്ബിഐയിലെ ഔട്ട്സോഴ്സ് ജീവനക്കാരനായിരുന്നു സന്ദേശ്.

വലിയ ആൾത്തിരക്കില്ലാത്ത പ്രദേശത്തെ ബാങ്കാണ് കൊള്ളയടിക്കപ്പെട്ടത്. കവർച്ച നടന്ന സമയത്ത് എട്ട് ഉദ്യോഗസ്ഥരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. സാക്ഷികൾ നൽകിയ വിവരമനുസരിച്ച് 20നും 25നും മദ്ധ്യേ പ്രായമുള്ളവരാണ് പ്രതികൾ. ബാങ്കിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കവർച്ചക്കാരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.