
റായ്‌പൂർ: മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനും രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്‌സെയെ വാഴ്‌ത്തിയതിനും ആൾദൈവം കാളിചരൺ മഹാരാജിനെ റായ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്ന് പുലർച്ചെ നാല് മണിയോടെ ഖജുരാഹോയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. റായ്‌പൂർ മുൻ മേയർ പ്രമോദ് ദുബെയുടെ പരാതിയിലാണ് കാളിചരൺ മഹാരാജിനെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീർത്തി പരാമർശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്.
ഞായറാഴ്‌ച, റായ്‌പൂരിലെ രാവൺ ഭട്ട ഗ്രൗണ്ടിൽ നടന്ന ധരം സൻസദിൽ സംസാരിക്കവേ, 'രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചെടുക്കുകയാണ് ഇസ്ലാമിന്റെ ലക്ഷ്യം' എന്ന് കാളിചരൺ മഹാരാജ് ആരോപിച്ചിരുന്നു. കൂടാതെ, ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ ഞാൻ സല്യൂട്ട് ചെയ്യുന്നുവെന്നും സമ്മേളനത്തിൽ പറഞ്ഞു.
പ്രസ്‌താവനക്കെതിരെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഹരിദ്വാറിൽ നടന്ന സന്ന്യാസി സമ്മേളനത്തിലും സമാനമായ രീതിയിലുള്ള വിദ്വേഷ പ്രസംഗം കാളിചരൺ നടത്തിയിരുന്നു.