covid-

വാഷിംഗ്‌ടൺ: ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കാൻ കാരണമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഈ വകഭേദങ്ങളുടെ വ്യാപനം കൊവിഡ് സുനാമി ഉണ്ടാക്കുമെന്ന് ലോ​കാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ തകർക്കും. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തുടരുകയാണ്. ഇതിനോടൊപ്പം അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നത് കൊവിഡ്​ സുനാമിക്ക്​ കാരണമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ കൊവിഡ് തീവ്രമാകില്ലെന്ന് പറയാൻ കഴിയുന്ന ആധികാരികമായ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും ഗെബ്രിയേസസ് പറഞ്ഞു.

ലോകാ​രോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളിൽ 92 എണ്ണവും ഈ വർഷം അവസാനത്തോടെ 40 ശതമാനം പേർക്കും വാക്സിൻ നൽകണമെന്ന ലക്ഷ്യം പൂർത്തീകരിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷത്തോടെ ലോകത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യം നേടണമെന്നും ലോക രാജ്യങ്ങളോട് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.