
ദിലീപിനെ പോലെ തന്നെ മകൾ മഹാലക്ഷ്മിക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. താരപുത്രി ആദ്യക്ഷരം കുറിക്കുന്നതിന്റെയും, മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരുമെന്ന് പറയുന്നതിന്റെയുമൊക്കെ ക്യൂട്ട് വീഡിയോകൾ നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മൂന്ന് വയസ് ആവുന്നേതേയുള്ളൂവെങ്കിലും ആള് ഭയങ്കര കുസൃതിക്കാരിയാണെന്നാണ് ദിലീപ് പറയുന്നത്. 'ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. അവസരവാദി എന്ന് പറയൂലേ, ആര് ട്രാവൽ ചെയ്യാൻ പോകുമ്പോഴും ചാടി വണ്ടിയിൽ കയറും.
ഞാനിപ്പോഴും പൊട്ടിച്ചിരിച്ചുപോണ ഒരു സംഭവമുണ്ട്. അവളുടെ സംസാരം നന്നായി തുടങ്ങണ സമയം. ഒരു ബാഗ് ഉണ്ട് അവൾക്ക്. പുറത്തേക്ക് പോകാൻ നോക്കുമ്പോൾ, ആ ബാഗുമെടുത്ത് ഉടുപ്പുപോലുമിടാതെ ഓടിവന്നു. അച്ഛാ പോകല്ലേ, അച്ഛാ പോകല്ലേ എന്ന് പറഞ്ഞു. ഞാൻ മൈൻഡ് ചെയ്യാതായപ്പോൾ എടാ കള്ളാ പോകല്ലേ, കള്ളാ പോകല്ലേ എന്ന്. ഞാൻ ചിരിച്ചുപോയി. പിന്നെ ഞാൻ ഓടിവന്ന് അവളെ എടുത്തു. ഈ യൂട്യൂബിലെ വീഡിയോകളൊക്കെ അവൾ കാണും, അതിൽ നിന്ന് കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ.'- ദിലീപ് പറഞ്ഞു.
താൻ ഏത് വേഷത്തിൽ ചെന്നാലും അവൾക്ക് മനസിലാകുമെന്നും താരം പറയുന്നു. കേശു ഈ വീടിന്റെ നാഥനിലെ നാരങ്ങ മിഠായി എന്ന പാട്ട് അവൾക്ക് ഇഷ്ടമാണെന്നും ദിലീപ് പറഞ്ഞു. 'ഇടയ്ക്കിടക്ക് നാരങ്ങ മിഠായി കാണിച്ചു തരാൻ പറയും. ഞാനത് ഐപാഡിൽ സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു കൊടുക്കും.'” ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞു.