
മുംബയ്: മഹാരാഷ്ട്രയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൻസിപിയുമായി സഖ്യമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി മോദി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ. എന്നാൽ അത്തരമൊരു സഖ്യത്തിന് താൻ തയ്യാറല്ലെന്ന് പറഞ്ഞ് അപ്പോൾ തന്നെ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറാത്തി ദിനപത്രമായ 'ലോക്‌സത്ത"യുടെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ൽ ബിജെപിയുമായി എൻസിപി സഖ്യം ചേരുന്നുവെന്ന വാർത്തകൾ നിലനിൽക്കെയാണ് അജിത് പവാർ ബിജെപിയിലേക്ക് ചേക്കേറുന്നത്. അതിന് മുൻകൈയെടുത്തത് ശരദ് പവാറാണെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ആ സമയത്ത് തന്റെ പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളയാതുകൊണ്ട് ബിജെപി എൻസിപിയുമായി ഒരു സഖ്യമുണ്ടാക്കാൻ ആലോചിച്ചിരിക്കാം. താൻ മുൻകൈയെടുത്തിരുന്നുവെങ്കിൽ അത്തരമൊരു സർക്കാർ മുന്നോട്ട് പോകേണ്ടതല്ലേയെന്നും പവാർ ചോദിച്ചു.
അടുത്ത ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ മേധാവിത്വം ഉണ്ടാകില്ല. മോദിയുടെ നേതൃത്വത്തിൽ നടത്തുന്ന റാലികളിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാരണാസിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള മോദിയുടെ തീരുമാനം അന്ന് ബിജെപിക്ക് ഗുണം ചെയ്‌തു. ഉത്തർപ്രദേശ് പോലൊരു വലിയ സംസ്ഥാനത്തിലെ ജനതയെ തന്റെ കൂടെ നിറുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ, കഠിനാദ്ധ്വാനിയും ഭരണകാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. മോദിപ്രഭാവം കുറയുന്നുണ്ടെന്നും പവാർ പറഞ്ഞു.