sivagiri

ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങൾ കാരുണ്യപൂർവ്വം കല്പ്പിച്ചനുവദിച്ചനുഗ്രഹിച്ചതാണ് ശിവഗിരി തീർത്ഥാടനം. തീർത്ഥാടകർ വിശ്വമാനവികതയുടെ മാതൃകാസ്ഥാനമായ ശിവഗിരിയിലെ ജ്ഞാനതീർത്ഥത്തിൽ അടനം ചെയ്ത് ശാന്തിതൻ തൃക്കോവിലിൽ പ്രമാണങ്ങൾ അർപ്പിച്ച് ആത്മശുദ്ധീകരണം സംഭവിച്ച് മാതൃകാമനുഷ്യരായിത്തീരുന്നതിനുള്ള അപൂർവ്വാവസരമാണ് ശിവഗിരി തീർത്ഥാടനത്തിലൂടെ ലഭിക്കുന്നത്.

89 സംവത്സരങ്ങൾക്ക് മുമ്പ് കേവലം അഞ്ച് മഞ്ഞക്കിളികളിലാരംഭിച്ച തീർത്ഥാടനം ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന, ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരുമഹാമഹമായി മാറി കഴിഞ്ഞു.

ശിവഗിരി തീർത്ഥാടനത്തിന്റെയും അതിന്റെ ലക്ഷ്യങ്ങളുടേയും പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരുടെ സമഗ്രമായ പുരോഗതിയ്ക്ക് പ്രഥമവും പ്രധാനവുമായി വേണ്ടത് വിദ്യാഭ്യാസമായതുകൊണ്ടാണ് 'വിദ്യകൊണ്ട് സ്വതന്ത്രരാകുവാൻ ' ഗുരു ഉപദേശിച്ചത്. തീർത്ഥാടന ലക്ഷ്യങ്ങളിൽ ഒന്നാം സ്ഥാനം വിദ്യാഭ്യാസത്തിനാണ് നൽകിയിരിക്കുന്നത്. ഗുരുവിന്റെ വിദ്യാഭ്യാസ സങ്കല്പ്പം സാക്ഷാത്കൃതമായാൽ ജാതിഭേദം മതദ്വേഷം തുടങ്ങിയുള്ള ഭേദചിന്തകളൊന്നുമില്ലാതെ ഏവരും സഹോദരഭാവേന ജീവിയ്ക്കുന്ന മാതൃകാലോകം സംസൃഷ്ടമാക്കാൻ നമുക്ക് കഴിയും.


' ഈശ്വരഭക്തി എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തിയ്ക്കണം ' എന്ന ഗുരുവചനം പ്രയോഗികമാക്കുന്നതിന് വേണ്ടി കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലായി 52-ൽപ്പരം ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചു. ദേവീദേവൻമാരെ സ്തുതിച്ചുകൊണ്ട് ധാരാളം സ്‌തോത്രകൃതികളും രചിച്ചു. കൂടാതെ ഗുരുധർമ്മ പ്രചാരകർക്ക് ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ അഭാവത്തിലുണ്ടായേക്കാവുന്ന ദോഷങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കാൻ ഉപദേശം നൽകി. കൂടാതെ 'ആത്മോപദേശ ശതകത്തിൽ ' ' ഉണരരുത് ഇന്നിയുറങ്ങീടാതിരുന്നീടണ മറിവായ്, അതിനിന്നയോഗ്യനെന്നാൽ പ്രണവമുണർന്ന് പിറപ്പൊഴിഞ്ഞ് വാഴും മുനി ജനസേവയിൽ മൂർത്തി നിർത്തിടേണമെന്നും ' ' മനമലർ കൊയ്ത് മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട, വനമലർ കൊയ്തുമതല്ലയായ്കിൽ മായാമനുവുരുവിടുമിരിക്കിൽ മായമാറുമെന്നും ' തുടങ്ങി ഭക്തിയുടെ വിവിധ തലങ്ങളേയും ആരാധനാക്രമങ്ങളേയും മറ്റും വ്യക്തമാക്കുകയും അവരവരുടെ യോഗ്യതയ്ക്കും, അഭിരുചിയ്ക്കും അനുയോജ്യമായ രീതിയിൽ വൈവിദ്ധ്യമാർന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുവാനുള്ള പരിപൂർണ്ണസ്വാതന്ത്ര്യവും നൽകുന്നു. അതും ഗുരുവിന്റെ മാത്രം ആത്മീയ കാഴ്ചപ്പാടിന്റെ അപൂർവ്വതയാണ്.
കാർഷിക പ്രധാനമായ രാജ്യമാണ് ഭാരതം. 'കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്'. നിർഭാഗ്യവശാൽ ഇന്ന് കേരളീയർ കൃഷിയ്ക്ക് വേണ്ടവണ്ണം പ്രാധാന്യം നൽകുന്നില്ല. കൃഷി സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്നാണ് കൃഷിയിൽ നിന്നും പിൻതിരിയുന്നവരുടെ വാദം. അതിന് പരിഹാരമായി ഗുരു നിർദ്ദേശിച്ചത് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കൃഷി രീതി പരിഷ്‌കരിക്കാനാണ്.
കൃഷിയും അനുബന്ധ വ്യവസായങ്ങളും കൈത്തൊഴിലുകളും പ്രോത്സാഹിപ്പിക്കുവാനുംമിതവ്യയം ശീലിക്കുവാനും ഗുരു ആഹ്വാനം ചെയ്തു. കൈത്തൊഴിലുകൾ പരമ്പരാഗത രീതിയിൽ തുടരുന്നതിനോട് ഗുരുവിനൊരിയ്ക്കലും താല്പര്യമുണ്ടായിരുന്നില്ല. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പരിഷ്‌കരിയ്ക്കണം. ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുക്കുവാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടാകണം. അഭിരുചിയും വാസനയുമുള്ളവർ മാത്രമേ അതാത് ജോലികളിൽ തുടരാവൂ.
ജനങ്ങൾ ശാസ്ത്ര സാങ്കേതിക പരിശീലനം നേടണമെന്ന ഗുരുവിന്റെ ആഹ്വാനം വളരെയേറെ പ്രയോജനം ചെയ്തുവെന്ന് ഇന്നത്തെ വിവര സാങ്കേതികവിദ്യയുടെ വളർച്ചയും അതിന് നമ്മുടെ നിത്യജീവിതത്തിൽ ചെലുത്താൻ കഴിഞ്ഞ / കഴിയുന്ന സ്വാധീനവും കേവലോദാഹരണങ്ങൾ മാത്രം. ഇങ്ങനെ ഒട്ടേറെ രംഗങ്ങളിൽ ലോകം മുന്നേറിക്കഴിഞ്ഞു.
വിവിധ രംഗങ്ങളിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച ക്രിയാത്മകവും ജനോപകാരപ്രദമായി നടപ്പാക്കുമ്പോൾ മാത്രമേ ഗുരുവിന്റെ തീർത്ഥാടന ലക്ഷ്യങ്ങൾ പൂർണ്ണമായും സാക്ഷാത്കരിയ്ക്കപ്പെടുകയുള്ളൂ.

(ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്, ജനറൽ സെക്രട്ടറിയാണ് ലേഖകൻ)