
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് അംഗീകാരം ലഭിക്കുന്നതിലുള്ള അസൂയയാണ് കെ മുരളീധരൻ എംപിക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മേയറെ കഴിഞ്ഞ ദിവസം മുരളീധരൻ പരിഹസിച്ചിരുന്നു. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ശക്തനായി വന്ന് നേമത്ത് ശക്തമായി തോറ്റതിന്റെ അസൂയയാണ് മുരളിക്കെന്നും മന്ത്രി പരിഹസിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിയെന്ന വാർത്ത ഉന്നയിച്ചായിരുന്നു മുരളീധരൻ ആര്യയെ പരിഹസിച്ചത്.
വിവരമില്ലാത്തതുകൊണ്ടാണ് രാഷ്‌ട്രപതിയുടെ മോട്ടോർ കേഡിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന പരിപാടി കാണിച്ചതെന്നായിരുന്നു മുരളീധരന്റെ പരിഹാസം. രാഷ്‌ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ മോട്ടോർ കേഡിലേക്ക് ഹോണടിച്ച് കയറ്റിയാൽ വെടിവയ‌്‌ക്കണമെന്നാണ് നിയമമെന്നും, ഇതൊന്നും പറഞ്ഞുകൊടുക്കാൻ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു.