valayar-child-case-

പാലക്കാട്: വാളയാറിലെ സഹോദരിമാർ നേരിട്ടത് നീചമായ പീഡനമെന്ന് സിബിഐ കുറ്റപത്രം. സിബിഐ തിരുവനന്തപുരം യൂണിറ്റ് സ്പെഷൽ ക്രൈം സെൽ ഡിവൈഎസ്‌പി ടി പി അനന്തകൃഷ്ണൻ പാലക്കാട് പേ‍ാക്സേ‍ാ കേ‍ാടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് പരാമർശം.

വാളയാറിലെ കുട്ടികളുടെ അനുഭവം അന്വേഷണത്തിനിടെ ഏറെ വേദനിപ്പിച്ചു. സംരക്ഷിക്കേണ്ടവരിൽ നിന്നുൾപ്പെടെ ഇവർ നീചമായ പീഡനം നേരിട്ടു. അതിന്റെ കഠിനവേദന സഹിക്കാൻ കഴിയാതെ അവർ ജീവനെ‍ാടുക്കിയതാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. പ്രതികളായ വലിയ മധുവും ചെറിയ മധുവും സഹോദരികളുടെ അടുത്ത ബന്ധുക്കളാണ്. ഇത്തരത്തിൽ കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവരിൽ നിന്നും ബന്ധുക്കളിൽ നിന്നും കുട്ടികൾക്കെതിരെ ലൈംഗികവും അല്ലാത്തതുമായ ക്രൂര പീഡനങ്ങൾ വർദ്ധിച്ചുവരുന്നത് മനഃസാക്ഷിയെ നടുക്കുന്നതാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കോടതി കുറ്റപത്രം പരിശേ‍ാധിച്ച ശേഷം പ്രതികൾക്കു സമൻസ് അയയ്ക്കുകയാണ് അടുത്ത നടപടി. കുറ്റപത്രം പ്രതികൾക്കു ലഭ്യമാക്കും. പിന്നീട് കേസിൽ പുനർവിചാരണ ആരംഭിക്കും.

അതേസമയം ധൃതി പിടിച്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് കുട്ടികളുടെ അമ്മ ആരോപിച്ചു. കൊലപാതകങ്ങളുടെ സാദ്ധ്യത സിബിഐ അന്വേഷിച്ചില്ല. താനും ഭർത്താവും ഉൾപ്പെടെയുള്ള പ്രധാന സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും സിബിഐ ഡിവൈഎസ്‌പിക്ക് അയച്ച കത്തിൽ അവർ കുറ്റപ്പെടുത്തി. കുട്ടികളുടെ മാതാവെന്ന നിലയിൽ നടത്തിയ ജനകീയ നിയമ പോരാട്ടങ്ങളുടെ ഫലമായാണ് കേസ് സിബിഐക്ക് കൈമാറിയതെന്നും അതിനാൽ ഒരിക്കൽക്കൂടി തന്നെയും ഭർത്താവിനെയും കേൾക്കാനുള്ള ഉത്തരവാദിത്തം സിബിഐ കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

താൻ ഉൾപ്പെടെയുള്ള സാക്ഷികളെ തെറ്റായ മൊഴി നൽകാൻ പൊലീസ് പ്രേരിപ്പിച്ചെന്ന് ഇവർ സിബിഐക്ക് മൊഴി നൽകിയിരുന്നു. ഇത് കാരണമാണ് നുണ പരിശോധന ഉൾപ്പെടെ ആവശ്യപ്പെട്ടത്.