
രാത്രിയിലെ പാർട്ടികളിൽ ഇപ്പോൾ പിസ ഒഴിവാക്കാനാകാത്ത ഒരു വിഭവമായി മാറി കഴിഞ്ഞു. എന്നാൽ പലർക്കും രാത്രിയായതു കൊണ്ട് അമിതമായി പിസ കഴിക്കാനും പറ്റിയെന്നു വരില്ല. പിറ്റേദിവസത്തേക്ക് ഉപയോഗിക്കാമെന്നു കരുതിയാൽ മൈക്രേവേവ് ഓവനെ തന്നെ ആശ്രയിക്കേണ്ടി വരും.
ഓവൻ ഇല്ലാത്തവരും കൂട്ടത്തിലുണ്ടാകും അല്ലേ. ബാക്കി വരുന്ന പിസയെ വേദനയോടെയാണെങ്കിലും അവർ ഉപേക്ഷിക്കാറാകും പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. മൈക്രോ വേവ് ഓവൻ ഇല്ലാതെ തന്നെ പിസ ചൂടാക്കാൻ ഒരു അടിപൊളി ടിപ്പുണ്ട്. 'ഡെയ്‌ലി ലൈഫ് ഹാക്‌സ് വിത്ത് നേഹ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് സംഗതി വന്നിരിക്കുന്നത്.
ഒരു പാനും ഗ്യാസും കുറച്ച് വെള്ളവും മാത്രം മതി ഓവനില്ലാതെ പിസ ചൂടാക്കിയെടുക്കാൻ. ആദ്യം പാൻ അടുപ്പത്ത് വച്ച് അത് ചൂടാക്കിയെടുക്കണം. ശേഷം ഇതിലേക്ക് പിസ വച്ചു കൊടുക്കാം. എന്നിട്ട് പാനിന്റെ ഒരു ഭാഗത്ത് അല്പം വെള്ളം ഒഴിച്ചു കൊടുത്തോളൂ.
വെള്ളമൊഴിക്കുമ്പോൾ അത് പിസയിലേക്ക് തട്ടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാൻ അതിന് വേണ്ടി ചെറുതായി ഒന്ന് ചരിച്ചു കൊടുത്താലും മതി. പെട്ടെന്ന് തന്നെ അടപ്പ് വച്ച് പാൻ മൂടണം. അഞ്ച് മിനിട്ട് അങ്ങനെ അടച്ചു വച്ചാൽ പിസ ചൂടായി കിട്ടും. പിറ്റേ ദിവസം അടിപൊളി രുചിയിൽ തന്നെ ഈ പിസ കഴിക്കാം.