covid-omicron

ന്യൂഡൽഹി: ‌ഡല്‍ഹിയിൽ ഒമിക്രോണ്‍ സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നുവെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. യാത്രാ പശ്ചാത്തലമില്ലാത്തവർക്ക് പോലും രോഗം ബാധിക്കുന്നത് വ്യാപനത്തിന്റെ സൂചനയാണെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഡൽഹിയിലെ ആകെ കൊവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോൺ രോഗികളാണ്. ഇതിൽ 115 പേർക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. യാത്രകൾ നടത്താത്തവർക്ക് പോലും രോഗം ബാധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒറ്റദിവസം മാത്രം കൊവിഡ് കേസുകളിൽ 89 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ബുധനാഴ്ച യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒമിക്രോൺ വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാദ്ധ്യതയുണ്ട്.