karnataka

ബംഗളൂരൂ: ഹിന്ദു ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബിൽ പരിഗണിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംഘപരിവാറിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് ക്ഷേത്രങ്ങൾക്ക് സ്വയംഭരണാവകാശമെന്നത്.

നിയന്ത്രണങ്ങൾ കുറച്ച് കൊണ്ടുവന്ന് ക്ഷേത്രങ്ങൾക്ക് പൂർണസ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലായങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിയുന്നുണ്ട്.

എന്നാൽ,​ മുകളിലിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അനുമതി കിട്ടിയാൽ മാത്രമേ ക്ഷേത്രവരുമാനം ഉപയോഗിക്കാൻ കഴിയൂവെന്നതാണ് ക്ഷേത്രങ്ങളുടെ അവസ്ഥ. പുതിയ ബില്ലിലൂടെ, കർണാടകയിലെ ക്ഷേത്രങ്ങൾക്ക് അവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ചരിത്രപരമായ തീരുമാനമുണ്ടാകുമെന്നും ബസവരാജ് അറിയിച്ചു.

ഈ വർഷം ആദ്യം ഉത്തരാഖണ്ഡ് സർക്കാരും ക്ഷേത്രങ്ങളെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഹിമാലയൻ ക്ഷേത്രങ്ങളായ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുൾപ്പെടെ ക്ഷേത്രങ്ങളെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിച്ചിരുന്നു.