
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് സൂചന നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. തിരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണമെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നത് പരിഗണിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ പരാമർശത്തെ തുടര്‍ന്നാണ് സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന് ശേഷമാണ് ഭരണകക്ഷിയായ ബിജെപി, പ്രധാന പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്‌പി തുടങ്ങി എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കൃത്യ സമയത്ത് നടത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചത്. കൊവിഡ് വേഗത്തിൽ വ്യാപിക്കാൻ സാദ്ധ്യതയുള്ളവരെ അതില്‍നിന്ന് സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെ പറ്റിയും വിവിധ പാർട്ടികൾ സൂചിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള സമയം ഒരു മണിക്കൂര്‍ കൂടി നീട്ടിനല്‍കുമെന്നും സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 11,000 ബൂത്തുകള്‍ അധികം സജ്ജമാക്കുമെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു. എല്ലാ പാര്‍ട്ടികളും ഉയര്‍ത്തിയ ആശങ്കകള്‍ മനസിലാക്കി, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് എല്ലാവരും ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.