
കൊച്ചി: ആദിവാസി വിഭാഗത്തിലുള്ളവരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നൽകാനുള്ള സർക്കാരിന്റെ തീരുമാനം ആറു മാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൈവശ ഭൂമിക്ക് പട്ടയം നൽകണം എന്നതുൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് വിതുരയിലെ ആദിവാസി കാണിക്കാർ സംയുക്ത സംഘം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.2017ലെ സർക്കാർ ഉത്തരവിൽ പറയുന്ന വിഷയം മുൻഗണന നൽകി നടപ്പാക്കണമെന്നും അത് സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കേരള ഭൂ പതിവ് ചട്ടപ്രകാരം മറ്റുള്ളവർക്ക് പട്ടയം നൽകിയപ്പോൾ ആദിവാസി വിഭാഗക്കാർക്ക് കൈവശരേഖ മാത്രമാണ് നൽകിയതെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു. തുടർന്ന് 2017 ഏപ്രിൽ 24ന് ഇവരുടെ കൈവശാവകാശ രേഖ റദ്ദാക്കി പട്ടയം നൽകാൻ സർക്കാർ ഉത്തരവിറക്കി.
സുപ്രീം കോടതി അനുമതി ലഭിച്ച 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ നിന്ന് അവശേഷിക്കുന്ന ഭൂമി ഭൂരഹിത ആദിവാസികൾക്ക് അനുവദിക്കാനുള്ള നടപടികൾക്കായി റവന്യൂ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ ഉത്തരവിൽ തുടർ നടപടികൾ ഒന്നുംതന്നെ ഉണ്ടായില്ലെന്നാണ് ഹർജിക്കാരുടെ പരാതി. എന്നാൽ ഉത്തരവ് നടപ്പാക്കുന്നത് ആരംഭിച്ചുകഴിഞ്ഞെന്നും പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്നുമാണ് സർക്കാർ അറിയിച്ചത്.