sachin-arjun

മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻ‌ഡുൽക്കറിന്റെ മകൻ അർജുൻ ടെൻ‌ഡുൽക്കർ മുംബയുടെ രഞ്ജി ടീമിൽ ഇടം പിടിച്ചു. മഹാരാഷ്ട്രയ്ക്കെതിരെയും ഡൽഹിക്കെതിരെയും അടുത്ത മാസം 13, 20 തീയതികളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് അർജുനെ തിരഞ്ഞെടുത്തിരിക്കുന്നത്. 20 അംഗ ടീമിനെ ഇന്ത്യൻ താരം പ്രിത്വി ഷാ നയിക്കും. കഴിഞ്ഞ മാർച്ചിൽ പ്രിത്വി ഷായുടെ നേതൃത്വത്തിൽ മുംബയ് വിജയ് ഹസാരെ ട്രോഫിയിൽ ജേതാക്കളായിരുന്നു.

തന്റെ ബാറ്റിംഗ് മികവ് കൊണ്ടാണ് സച്ചിൻ ലോകത്തെ ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരനായതെങ്കിൽ മകൻ അർജുന് പ്രിയം ബൗളിംഗിനോടാണ്. മുംബയ് ടീമിലും ഇടംകൈയൻ പേസറുടെ റോളിലാണ് അർജുന്റെ അരങ്ങേറ്റം. മുംബയ് പേസർ തുഷാർ ദേശ്പാണ്ഡേ പരിക്ക് മൂലം വിശ്രമത്തിലായതു കൊണ്ട് കൂടിയാണ് അർജുന് ഇപ്പോൾ ടീമിൽ സ്ഥാനം ലഭിച്ചിരിക്കുന്നത്. നട്ടെല്ലിന് പരിക്കേറ്റ് തുഷാർ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും പങ്കെടുത്തിരുന്നില്ല. 22കാരനായ അർജുൻ മുംബയ്ക്ക് വേണ്ടി മുഷ്ത്താഫ് അലി ടി ട്വന്റിയിൽ കളിച്ചിരുന്നു. അന്ന് രണ്ട് മത്സരങ്ങളിൽ മുംബയ്ക്ക് വേണ്ടി പന്തെറി‌ഞ്ഞ താരം രണ്ട് വിക്കറ്റുകളും മൂന്ന് റണ്ണും എടുത്തിരുന്നു.

മുംബയ് രഞ്ജി ടീമിൽ സ്ഥാനം ലഭിച്ചത് ഒരു സ്വപ്ന നേട്ടമാണെന്നും ഇത് താൻ വളരെനാളുകളായി ആഗ്രഹിച്ചിരുന്നതാണെന്നും അർജുൻ പറഞ്ഞു. ടീമിന് വേണ്ടി കഴിവിന്റെ പരമാവധി നൽകാൻ ശ്രമിക്കുമെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അർജുൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം അർജുൻ ടെൻഡുൽക്കർ രഞ്ജി ടീമിൽ എത്തിയതിന് ഇത്രയേറെ വാർത്താ പ്രാധാന്യം നൽകേണ്ട കാര്യമില്ലെന്നും അർജുൻ മികച്ച താരമാണെന്നും യുവാക്കൾക്ക് കഴിയുന്നത്ര അവസരം നൽകുന്നതിന്റെ ഭാഗമായാണ് അർജുനെ ടീമിലെടുത്തതെന്ന് മുംബയുടെ ചീഫ് സെലക്ടർ സലീൽ അങ്കോള പറഞ്ഞു.