petta-murder

തിരുവനന്തപുരം: പേട്ട കൊലപാതകത്തിൽ പ്രതി സൈമൺ ലാലൻ നൽകിയ മൊഴി കള്ളമായിരുന്നെന്ന് പൊലീസ്. മകളുടെ മുറിയിൽ ശബ്ദം കേട്ട് ചെന്നപ്പോൾ കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നായിരുന്നു പ്രതി പൊലീസിന് നൽകിയിരുന്ന മൊഴി.

എന്നാൽ, അനീഷിനെ സൈമണിന് മുൻപരിചയമുണ്ടായിരുന്നുവെന്നും ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അത് അവഗണിച്ചാണ് കുത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി. മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെൺകുട്ടിയെ കാണാൻ ഈ വീട്ടിൽ പലവട്ടം എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു സൈമൺ. മുറിക്കുള്ളിൽ അനീഷാണെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞിട്ടും കേൾക്കാതെയാണ് നെഞ്ചിലും മുതുകത്തും കുത്തി പരിക്കേൽപ്പിച്ചത്.

മകളുടെ അനുവാദത്തോടെ തന്നെയാണ് അനീഷ് മുറിക്കുള്ളിൽ പ്രവേശിച്ചതെന്നും ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സൈമൺ ലാലന്റെയും ഭാര്യയുടെയും മക്കളുടെയും അടക്കം മൊഴിയെടുത്ത ശേഷമാണ് പ്രതി അറിഞ്ഞുകൊണ്ടുതന്നെ കുത്തിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.