
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 113 റണ്ണിന്റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 305 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 191ന് എല്ലാവരും പുറത്തായി. ദക്ഷിണാഫ്രിക്കൻ നിരയിൽ 77 റണ്ണെടുത്ത ഡീൻ എൾഗാർ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യക്ക് വേണ്ടി ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകൾ വീതവും മുഹമ്മദ് സിറാജും രവിചന്ദ്രൻ അശ്വിനും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എടുത്തിരുന്ന ദക്ഷിണാഫ്രിക്കയുടെ അവസാന മൂന്ന് വിക്കറ്റുകൾ വീണത് വെറും ഒരു റൺ എടുക്കുന്നതിനിടെയാണ്. ജാൻസൺ, റബാദ, എൻഗിഡി എന്നിവരുടെ വിക്കറ്റുകളാണ് ഉച്ചഭക്ഷണത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജാൻസണിനെ ഷമി പുറത്താക്കിയപ്പോൾ റബാദയേയും എൻഗിഡിയേയും അടുത്തടുത്ത പന്തുകളിൽ അശ്വിൻ പുറത്താക്കി. ഈ ജയത്തോടെ മൂന്ന് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.