dean-elgar

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയോട് കൂറ്റൻ തോൽവി വഴങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത് ബാറ്റിംഗിലെ പിഴവുകളെന്ന് ക്യാപ്ടൻ ഡീൻ എൾഗാർ. ബൗളർമാർ തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചുവെങ്കിലും ബാറ്റർമാർ പരാജയപ്പെട്ടതാണ് ടീം തോൽക്കാനുള്ള പ്രധാന കാരണമെന്ന് എൾഗാർ വ്യക്തമാക്കി. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ടീം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ചായയ്ക്ക് ശേഷമുള്ള സെഷനിൽ ഇന്ത്യൻ ബാറ്റർമാർക്ക് മേൽക്കൈ നേടാൻ അനുവദിച്ചതാണ് മത്സരത്തിൽ നിർണായകമായതെന്നും എൾഗാർ സൂചിപ്പിച്ചു.

മത്സരത്തിന്റെ മറ്റെല്ലാ സെഷനുകളിലും ഇന്ത്യയ്ക്കൊപ്പം ഇഞ്ചോടിഞ്ച് തന്നെയാണ് ദക്ഷിണാഫ്രിക്കയും പൊരുതിയതെങ്കിലും ആദ്യ ദിവസത്തിലെ മൂന്നാം സെഷൻ കൈവിട്ടത് വലിയൊരു പിഴവായിരുന്നെന്ന് ക്യാപ്ടൻ തുറന്നു പറഞ്ഞു. ആ ഒരു സെഷനിൽ വരുത്തിയ പിഴവുകൾ ഒഴിച്ചുനിർത്തിയാൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക മികച്ച പ്രകടനം തന്നെയായിരുന്നു നടത്തിയതെന്ന് എൾഗാർ പറഞ്ഞു.
113 റൺസിനാണ് ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 305 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 191ന് എല്ലാവരും പുറത്തായി. ദക്ഷിണാഫ്രിക്കൻ നിരയിൽ 77 റണ്ണെടുത്ത ക്യാപ്ടൻ ഡീൻ എൾഗാർ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യക്ക് വേണ്ടി ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകൾ വീതവും മുഹമ്മദ് സിറാജും രവിചന്ദ്രൻ അശ്വിനും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.