
വാഹനത്തിന്റെ പെർഫോമൻസിനെ വളരെയധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് ടയറുകൾ. എന്നാൽ പലരും അതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ലെന്നതാണ് സത്യം. വാഹനങ്ങൾക്ക് മുന്തിയ ഇനം ടയറുകൾ ഇടുന്നതാണ് ഏറ്റവും നല്ലത് എന്നാണ് ഭൂരിപക്ഷം വാഹന ഉടമകളുടേയും ധാരണ. എന്നാൽ ഓരോ വാഹനത്തിനും അതിന്റെ ഉപയോഗം അനുസരിച്ചുള്ള ടയറുകൾ ഇടുന്നതാണ് ഏറ്റവും നല്ലത്.
ഉദാഹരണത്തിന് അധികം സ്പീഡിൽ പോകാത്ത ചെറു കാറുകൾക്ക് മുന്തിയ ഇനം ടയറുകൾ ഇടുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ലഭിക്കില്ല എന്നതാണ് സത്യം. സാധാരണ ടയറുകൾ ചെയ്യുന്ന ഫലം മാത്രമേ ഇത്തരം കാറുകളിൽ മുന്തിയ ഇനം ടയറുകളും ചെയ്യുകയുള്ളു. ധനനഷ്ടം മാത്രമായിരിക്കും അനാവശ്യമായി മുന്തിയ ഇനം ടയറുകൾ ചെറു കാറുകളിൽ ഇടുന്നത് കൊണ്ട് ഉണ്ടാകുന്നത്.
വാഹനത്തെകുറിച്ചും ഏത് സാഹചര്യങ്ങളിലാണ് കൂടുതലായും ഓടുന്നത് തുടങ്ങിയ കാര്യങ്ങളെകുറിച്ചും ഒരു ടയർ വിദഗ്‌ദ്ധനോട് പറഞ്ഞാൽ വാഹനത്തിന് അനുയോജ്യമായ ടയറുകൾ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് സാധിക്കും. പ്രീമിയം ടയറുകൾ കുടുതൽ സുരക്ഷിതത്വം ചെറുകാറുകൾക്ക് നൽകുന്നുണ്ടെന്ന തെറ്റായ ധാരണ പലരിലും ഉടലെടുത്തിട്ടുണ്ട്. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന കാറുകളിൽ തീർച്ചയായും പ്രീമിയം ടയറുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ കൂടിയ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഉടലെടുക്കാൻ സാദ്ധ്യതയുള്ള ഹൈഡ്രോപ്ലെയ്ൻ എഫെക്ടിനെ ഒരു പരിധി വരെ കുറയ്ക്കാനും പ്രീമിയം ടയറുകൾക്ക് സാധിക്കും. എന്നാൽ ചെറുകാറുകൾ അമിതവേഗതയിൽ പോകുന്നത് കുറവായതിനാൽ തന്നെ ഇത്തരം ടയറുകളുടെ ആവശ്യം വരുന്നില്ല.
ടയറുകൾ തിരഞ്ഞെടുക്കുമ്പോൾ എക്സ്പയറി ഡേറ്റ് നോക്കി തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. സൂര്യപ്രകാശം അടിക്കുന്നത് അനുസരിച്ച് ടയറിന്റെ റബറിൽ ചില വ്യത്യാസങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. അതിനാൽ തന്നെ ടയർ നിർമിച്ച തീയതി വളരെ പ്രധാനമാണ്. സാധാരണ ഗതിയിൽ അഞ്ച് വർഷം വരെ ടയറുകൾക്ക് ആയുസുണ്ടാകും. എങ്കിലും ഉപയോഗത്തിന്റെ തോത് അനുസരിച്ച് ഇതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.