
ശ്രീനഗർ : ജമ്മുകാശ്‌മീരിൽ സജീവമായ തീവ്രവാദികളുടെ എണ്ണം 200 ൽ താഴെയായി കുറഞ്ഞുവെന്ന് സുരക്ഷാ സേന അവകാശപ്പെട്ടു. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായാണ് ഭീകരരുടെ എണ്ണം ഇത്രമാത്രം കുറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സജീവ ഭീകരരിൽ 86 പേർ സ്വദേശികളാണെന്നും ബാക്കിയുള്ളവർ വിദേശികളാണെന്നും അവർ പറഞ്ഞു.
പ്രദേശത്തെ 128 യുവാക്കൾ ഈ വർഷം തീവ്രവാദ സംഘത്തിൽ ചേർന്നതായും അതിൽ 86 പേർ ഇപ്പോഴും സജീവമാണെന്നും ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. ബാക്കിയുള്ളവർ സൈന്യത്താൽ കൊല്ലപ്പെടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.
കാശ്‌മീരിൽ ഇതാദ്യമായാണ് ഭീകരരുടെ എണ്ണം 200ൽ താഴെയാകുന്നത്. തീവ്രവാദ സംഘടനകളിൽ ചേർന്ന 128 പ്രാദേശിക യുവാക്കളിൽ 73 പേർ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ളവർ ഇപ്പോഴും സജീവമാണ്," ഐ.ജി വിജയ് കുമാർ പറഞ്ഞു.
കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ കാശ്മീർ താഴ്‌വരയിൽ 11 ഭീകരർ കൊല്ലപ്പെട്ടതായും അതിൽ 6 പേരെ ഇന്നലെ രണ്ട് തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ വെടിവച്ചു കൊന്നതായും സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ വിജയ്‌കുമാർ അറിയിച്ചു.
കൊല്ലപ്പെട്ട ആറ് ഭീകരരും നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ്. ഇവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേർ പാകിസ്ഥാനിൽ നിന്നുള്ളവരും മറ്റുള്ളവർ സ്വദേശികളുമാണെന്നും അദ്ദേഹം അറിയിച്ചു.