vismaya

കൊച്ചി: പറവൂരിൽ സഹോദരിയെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്ന കേസിലെ പ്രതിയായ ജിത്തുവിനെ പൊലീസ് പിടികൂടി. കാക്കനാട്ട് ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. വഴക്കിനിടെ കത്തി ഉപയോഗിച്ച് കുത്തിയെന്നും മരിച്ചെന്ന് തോന്നിയപ്പോൾ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നുമാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു പറഞ്ഞു. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ജിത്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയാേടെയാണ് വിസ്മയയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിന് സമീപത്തെ റോഡിലൂടെ ജിത്തു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വീടിനടുത്തുനിന്ന് ബസിലാണ് ജിത്തു എറണാകുളത്തെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. വിസ്മയയുടെ മൊബൈൽ ഫോണും കൊണ്ടാണ് ജിത്തു പോയതെങ്കിലും അത് ഇടയ്ക്കുവച്ച് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ജിത്തുവിനുവേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുയും ചെയ്തിരുന്നു.