
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയുടെ സുരക്ഷിത ഗ്രൗണ്ടായിരുന്നു സെഞ്ചൂറിയൻ പാർക്ക്. വിരലിലെണ്ണാവുന്ന ടീമുകൾ മാത്രമേ ഇവിടെ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് വെന്നിക്കൊടി പാറിച്ചിട്ടുള്ളൂ എന്നത് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയർ സെഞ്ചൂറിയനിൽ കാത്തുസൂക്ഷിച്ചിരുന്ന ആധിപത്യത്തിനുള്ള തെളിവാണ്. ആ ആധിപത്യമാണ് ഇന്ന് നേടിയ 113 റണ്ണിന്റെ ആധികാരിക ജയത്തോടെ കൊഹ്‌ലിയും സംഘവും അവസാനിപ്പിച്ചത്. 29 വർഷത്തെ ചരിത്രത്തിൽ സെഞ്ചൂറിയനിൽ വിജയക്കൊടി പാറിക്കുന്ന ആദ്യ ഏഷ്യൻ ടീം കൂടിയാണ് ഇന്ത്യ.
ഇന്ന് ഇന്ത്യ നേടിയത് ചരിത്രത്തിൽ എന്നെന്നും ഓർത്തുവയ്ക്കേണ്ട വിജയമാണ്. 1992ൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്താൻ ആരംഭിച്ചത് മുതൽ ഇന്നേവരെ വെറും നാല് ടെസ്റ്റുകളിൽ മാത്രമാണ് ഇന്ത്യ വിജയിച്ചിട്ടുള്ളത്. അതിൽ ഒരെണ്ണം രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലും രണ്ടെണ്ണം എം എസ് ധോണിയുടെ നായകത്വത്തിൻ കീഴിലുമാണ് ഇന്ത്യ വിജയിച്ചത്. ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയ ദ്രാവിഡ് തന്നെയാണ് ഊ ടീമിന്റെ പരിശീലകനെന്നത് മറ്റൊരു കൗതുകമാണ്.
കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തത് കെ എൽ രാഹുലിനെയാണെങ്കിലും യഥാർത്ഥത്തിൽ ഈ വിജയം ഇന്ത്യക്ക് സമ്മാനിച്ചത് മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമടങ്ങുന്ന ഇന്ത്യൻ ബൗളിംഗ് നിരയാണ്. ആദ്യ ദിനത്തിലെ മൂന്നാം സെഷനിൽ കെ എൽ രാഹുലടക്കമുള്ള ബാറ്റിംഗ് നിര നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യൻ വിജയത്തിൽ വലിയൊരു പങ്ക് വഹിച്ചുവെന്ന യാഥാർത്ഥ്യം മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും, ബൗളിംഗ് നിരയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. അഞ്ച് ദിവസത്തെ ടെസ്റ്റിൽ ഒരു ദിവസം മുഴുവൻ മഴ കൊണ്ടുപോയപ്പോൾ ഇന്ത്യയെ കളിയിൽ പിടിച്ചു നിർത്തിയത് ബൗളർമാരാണ്. വെറും 130.3 ഓവറുകൾ കൊണ്ടാണ് ദക്ഷിണാഫ്രിക്കയുടെ 20 വിക്കറ്റുകൾ ഷമിയും ബുമ്രയും സിറാജും അടങ്ങിയ പേസ് ത്രയം എറിഞ്ഞിട്ടത്. അതും ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ മുതലായ ലോകോത്തര ബൗളർമാർ തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുമ്പോൾ.
Superb bowling by an attack that can pick 20 wickets in a Test match anywhere in the world.
— Sachin Tendulkar (@sachin_rt) December 30, 2021
Congratulations to #TeamIndia on a convincing victory!#SAvIND pic.twitter.com/2TGI41kH7B
മത്സരശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ട്വീറ്റ് ചെയ്തത് ലോകത്തിൽ എവിടെ വച്ചും എതിർ ടീമിന്റെ 20 വിക്കറ്റുകളും നിഷ്പ്രയാസം വീഴ്‌ത്താൻ സാധിക്കുന്ന ബൗളിംഗ് നിരയാണ് ഇന്ത്യക്കുള്ളതെന്നത് വലിയൊരു യാഥാർത്ഥ്യം ആണ്. പരമ്പരയുടെ തുടക്കത്തിൽ നടന്ന പത്രസമ്മേളനത്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൾഗാർ പറഞ്ഞത് പോലെ ദക്ഷിണാഫ്രിക്ക ഏറ്റവും അധികം ഭയപ്പെടേണ്ടത് ഇന്ത്യയുടെ ബൗളർമാരെയാണ്. ദക്ഷിണാഫ്രിക്കയുടെ ബൗളർമാരെക്കാളും ഇവിടത്തെ സാഹചര്യങ്ങൾ മുതലെടുക്കാൻ സാധിക്കുന്ന ഒന്നലധികം ബൗളർമാരാണ് ഇന്ത്യക്കുള്ളതെന്ന് എൾഗാർ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കൻ നായകന്റെ ആ ഭയം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യൻ ആദ്യ ടെസ്റ്റിലെ പ്രകടനം.