
ബംഗളുരു : രണ്ട് മാസം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ ട്വിറ്ററിലൂടെ സഹായമഭ്യർത്ഥിച്ച് മാതാപിതാക്കൾ. ബംഗളൂരു സ്വദേശിയായ അനുഷ്ക എന്ന 17കാരിയെ തേടിയാണ് മാതാപിതാക്കളുടെ അഭ്യർത്ഥന. ഒക്ടോബർ 31ന് രണ്ടു ജോഡി വസ്ത്രങ്ങളും 2,500 രൂപയുമായി വീടുവിട്ട് ഇറങ്ങിയതാണ് അനുഷ്ക. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
പുരാതന ആത്മീയ വിശ്വാസമായ ഷമനിസത്തിൽ അനുഷ്ക ആകൃഷ്ടയായിരുന്നുവെന്നും വീടുവിടാൻ കാരണം ഇതാണെന്നും മാതാപിതാക്കൾ പറയുന്നു. സെപ്തംബർ മുതൽ അനുഷ്കയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിലായി അവളുടെ താൽപര്യം. മാതാപിതാക്കൾ അനുഷ്കയെ ഒരു കൗൺസിലറുടെ അരികിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഷമനിസത്തെയും അതിലെ ആത്മാക്കളുടെ ലോകവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെയും പറ്റി അനുഷ്ക ഓൺലൈനിലൂടെ വളരെയധികം വായിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. പ്ലസ് ടു പാസ്സായെങ്കിലും ഷമനിസം പഠിക്കാനായിരുന്നു താൽപര്യം.
ഷമനിസം പിന്തുടരാൻ ആഗ്രഹിക്കുന്നെന്നും ചില ആത്മീയ പരിശീലകരുടെ ജീവിത ശൈലി കണ്ട് തനിക്കും അത് അഭ്യസിക്കാൻ താത്പര്യമുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇക്കാരണങ്ങളാകാം മകളുടെ തിരോധാനത്തിന് പിന്നിലെന്നാണ് അനുഷ്കയുടെ മാതാപിതാക്കൾ കരുതുന്നത്. അതേസമയം, അനുഷ്കയുടെ ഓൺലൈൻ ഇടപാടുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ബംഗളുരു നോർത്ത് പൊലീസ് പറഞ്ഞു.