vismaya

കൊച്ചി: വിസ്മയ കൊലക്കേസിൽ പ്രതിയായ സഹോദരി ജിത്തു പിടിയിലായത് തികച്ചും യാദൃശ്ചികമായി. ഇന്നലെ കാക്കനാട്ടെ ഒളിസങ്കേതത്തിൽ നിന്ന് പ്രതിയെ പിടികൂടുമ്പോൾ തങ്ങൾ തിരയുന്ന പ്രതിയാണ് അതെന്ന് പൊലീസിന് മനസിലായില്ല. ഈ അവസരം പരമാവധി ഉപയോഗിക്കാനും ജിത്തു ശ്രമിച്ചു. പൊലീസ് തിരിച്ചറിഞ്ഞില്ലെന്ന് വ്യക്തമായതോടെ താൻ ലക്ഷദ്വീപ് സ്വദേശിയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനായി ജിത്തുവിന്റെ ശ്രമം. ഇതുവിശ്വസിച്ച പൊലീസ് അവരെ കാക്കനാട്ടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

പിന്നീട് ലക്ഷദ്വീപ് പൊലീസെത്തി ജിത്തുവിന്റെ മൊഴിയെടുത്തെങ്കിലും ഇത് പരസ്പര വിരുദ്ധമായിരുന്നു. ഇക്കാര്യം അവർ കൊച്ചി പൊലീസിനെ അറിയിച്ചു. തുടർന്ന് ഇന്ന് വൈകിട്ട് പറവൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിയുകയായിരുന്നു.

പ്രതി കൈയിലുള്ളപ്പോഴാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിലെ ഫോട്ടോയിൽ കാണുന്ന രൂപമല്ല ജിത്തുവിനെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു.

അതേസമയം, അറസ്റ്റിലായ ജിത്തു പാെലീസിനോട് കുറ്റം സമ്മതിച്ചു. വഴക്കുണ്ടായെന്നും അപ്പോൾ കത്തിയെടുത്ത് വിസ്മയയെ കുത്തിയെന്നും ചത്തെന്ന് തോന്നിയപ്പോൾ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നുമാണ് പൊലീസിനോട് പറഞ്ഞത്. കുറ്റം ചെയ്യാൻ ആരുടെയും സഹായമോ പ്രേരണയോ ഉണ്ടായിട്ടില്ലെന്നും പ്രതി പറഞ്ഞു. ഒരു കൂസലും കൂടാതെയായിരുന്നു വെളിപ്പെടുത്തൽ.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച മൂന്നുമണിയോടൊണ് ജിത്തു വിസ്മയയെ ചുട്ടുകൊന്നത്. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ എത്തിയപ്പോൾ വിസ്മയയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ജിത്തു രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വിസ്മയയുടെ ഫോണുമായാണ് പ്രതി മുങ്ങിയതെങ്കിലും അത് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ജിത്തു.