
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ നൈറ്റ് കർഫ്യൂ. ഇന്ന് രാത്രി 10 മുതൽ ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിലവിൽ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ല.
രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ , ബാറുകൾ, ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കൻഡ് ഷോയ്ക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോഷങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം.
പുതുവത്സരാഘോഷങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാനായി ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊരു ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.