china

ബീജിംഗ്: ശരീരത്തിലെ പച്ചകുത്തുമായി ഗ്രൗണ്ടിൽ ഇറങ്ങരുതെന്ന് ഫുട്ബാൾ കളിക്കാർക്ക് ചൈയുടെ ഉഗ്രശാസന. ഉത്തരവ് ലംഘിച്ചാൽ ആജീവനാന്ത വിലക്കുൾപ്പടെയുള്ള കർശന നടപടികളും ഉണ്ടാവും. ചൈനയിലെ കായിക രംഗത്തെ പരമോന്നതരായ ജിഎഎസ് ആണ് ഉത്തരവിറക്കിയത്.

വിലക്ക് വരുന്നതിന് മുമ്പ് ടാറ്റൂ ചെയ്തവർക്കുള്ള മാർഗ നിർദ്ദേവും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ പതിച്ചിട്ടുള്ള ടാറ്റൂകൾ മായ്ക്കാൻ ശ്രമിക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ ഫുൾസ്ലീവ് ജഴ്സി ധരിച്ച് ടാറ്റൂ മറയ്ക്കണം. അതിനും കഴിയുന്നില്ലെങ്കിൽ ബാൻഡേജ് ഒട്ടിച്ച് മറയ്ക്കണം. ഇതിനൊന്നിനും കഴിയില്ലെങ്കിൽ കളി മതിയാക്കി വീട്ടിലിരിക്കണം.

കളിക്കാരെ സമൂഹത്തിന് മാതൃകയാക്കി മാറ്റുന്നതിനുള്ള നടപടി ക്രമങ്ങളുടെ ചുവടുപിടിച്ചുള്ള നീക്കമാണിതെന്നാണ് അധികൃതരുടെ വിശദീകരണം. സീനിയർ തലം മുതലുളള എല്ലാ ടീമുകൾക്കും നിബന്ധനകൾ ബാധകമായിരിക്കും.

പുതിയ ഉത്തരവ് നിലവിൽ വന്നതോടെ ടാറ്റൂ മായ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഫുട്ബാൾ കളിക്കാർ. ഫുട്ബാൾ കളിക്കാർക്കൊപ്പം മറ്റ് ഇനങ്ങളിലെ താരങ്ങളും ടാറ്റൂകൾ മായ്ക്കാൻ എത്തുന്നുണ്ട്. അധികം വൈകാതെ തന്നെ ഇത്തരം നിബന്ധനകൾ തങ്ങളുടെ ഇനങ്ങളിലും ഉണ്ടാവുമെന്ന ഭീതിയാണ് ഇതിന് കാരണം.