
വീട്ടുമുറ്റത്തും വേലിയിലും വെറുതേ നട്ടുവളർത്തുന്ന ചെമ്പരത്തിക്ക് ഔഷധ ഗുണമുണ്ടെന്ന് ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ ഇത് വൻ വരുമാനം നേടിത്തരുമെന്ന് ഭൂരിപക്ഷത്തിനും അറിയില്ലെന്നതാണ് സത്യം. ചില്ലറയല്ല. ഒരുവർഷം നൂറുകോടിയിലധികം രൂപയുടെ കയറ്റുമതിയും ഏതാണ്ട് അത്രയും തന്നെ വിറ്റുവരവും നടക്കുന്നതാണ് ചെമ്പരത്തിപ്പൂ ബിസിനസ് എന്നുപറഞ്ഞാൽ വിശ്വസിക്കുമോ?.
ഉണങ്ങിയ ചെമ്പരത്തിപ്പൂവിനാണ് ഇത്രയും ഡിമാൻഡുളളത്. ഇപ്പോൾ ഇരുപതിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ഉണങ്ങിയ ചെമ്പരത്തിപ്പൂ കയറ്റി അയയ്ക്കുന്നുണ്ട്. ഉണക്കിപ്പൊടിച്ച നൂറുഗ്രാം ചെമ്പരത്തിപ്പൂവിന് ഇപ്പോഴത്തെ വിപണിവില ഏതാണ്ട് 350 രൂപയ്ക്ക് മുകളിലാണത്രേ. ബേക്കറി വിഭവങ്ങൾ ഉണ്ടാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ മരുന്നുകളിലും പാനീയങ്ങളിലും സൗന്ദര്യ വർദ്ധക വസ്തുക്കളിലുമെല്ലാം ഇത് പ്രധാന ചേരുവയാണ്. ഭക്ഷണത്തിന് നിറം നൽകാനും ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. വിഷപദാർത്ഥം അല്ലാത്തതിനാൽ ഇതിന് സ്വീകാര്യത ഏറെയാണ്.
ഹിബിസ്‌കസ് റോസാ സിനെന്‍സിസ് എന്നാണ് ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം. ഏതുകാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്ക് ഇരുനൂറിലേറെ വെറൈറ്റികൾ ഉണ്ട്. സ്ഥലം ഇല്ലെന്ന് കരുതി വ്യാവസായികമായി കൃഷിചെയ്യാൻ മടിക്കേണ്ട. വലിയ ചെടിച്ചട്ടികളിലും വീപ്പകളിലും നട്ട് മട്ടുപ്പാവിനും മറ്റും കൃഷിചെയ്യാം. ചെടിയുടെ കമ്പ് മുറിച്ചുനട്ടാൽ വളരെ എളുപ്പത്തിൽ വേരുപിടിക്കും എന്നതിനാൽ നടീൽ വസ്തുവിനെ തിരഞ്ഞുനടക്കേണ്ട ബുദ്ധിമുട്ടും ഇല്ല.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ചെമ്പരത്തിയുടെ ഈ സാദ്ധ്യതകളെപ്പറ്റി ഒട്ടുമിക്കവർക്കും ഒരു ഐഡിയയുമില്ല. ഇതിനെക്കുറിച്ച് ജനങ്ങളെ മനസിലാക്കിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാവുന്നില്ല.