
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ശ്രീനഗർ പന്താചൗകിൽ രാത്രിയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചത്. ഇവർ ഡിസംബർ ആദ്യം പൊലീസ് ബസിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരാണെന്നാണ് വിവരം. മൂന്ന് പൊലീസുകാർക്കും ഒരു സിആർപിഎഫ് ജവാനും ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരിൽ ഒരാളായ ജയ്‌ഷെ ഭീകരൻ സുഹൈൽ അഹ്‌മഗ് റഥേർ ശ്രീനഗറിൽ പൊലീസ് ബസ് ആക്രമിച്ച് മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ്. ഇതോടെ ഈ സംഭവത്തിന് പിന്നിലുളളവരെയെല്ലാം വധിച്ചതായി സുരക്ഷാസേന അറിയിച്ചു. കഴിഞ്ഞ 36 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത് ഏറ്റുമുട്ടലാണിത്. അനന്ത്നാഗിലും കുൽഗാം ജില്ലയിലുമായിരുന്നു മറ്റ് രണ്ട് ഏറ്റുമുട്ടലുകളും.
ഡിസംബർ 13നായിരുന്നു മൂന്ന് പൊലീസുകാരെ തീവ്രവാദികൾ കൊലപ്പെടുത്തിയത്. അതീവസുരക്ഷാ മേഖലയിലാണ് പൊലീസ് വാഹനത്തിന് നേരെ ശക്തമായ വെടിവയ്‌പുണ്ടായത്. ബന്ദിപൂരയിൽ രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ചതിന് ദിവസങ്ങൾക്കകമായിരുന്നു ഈ ആക്രമണം. കഴിഞ്ഞ രണ്ട് മാസങ്ങളായി പൊലീസിന് നേരെ നടന്ന ആക്രമണങ്ങളിൽ പങ്കുളള എല്ലാ തീവ്രവാദികളെയും ഇതോടെ വധിച്ചതായി പൊലീസ് അറിയിച്ചു.