gkp

പട്ടാളത്തിലെ പിരിമുറുക്കമുള‌ള ജീവിതത്തിനിടെ അപ്രതീക്ഷിതമായി കണ്ട മലയാള പത്രത്തിലെ ഒരു പരസ്യമാണ് ജി.കെ പിള‌ളയിലെ സിനിമാ മോഹത്തിന് കാരണമായത്. പ്രേംനസീർ നായകനായ ഒരു ചിത്രത്തിന്റെ പരസ്യമായിരുന്നു അത്. 'മലയാള സിനിമയിൽ ഒരു പുതിയ നായകനുണ്ടായിരിക്കുന്നു. പ്രേം നസീർ എന്ന അബ്‌ദുൾ ഖാദർ' എന്നതായിരുന്നു പരസ്യത്തിലെ വാചകം. ആ പരസ്യം ജി.കെ പിള‌ളയ്‌ക്ക് ഒരു ഞെട്ടലായിരുന്നു.

തന്നോട് ഒന്നിച്ച് പഠിച്ച അബ്‌ദുൾ ഖാദറിന് സിനിമാ നടനാകാമെങ്കിൽ തനിക്ക് എന്തുകൊണ്ടായിക്കൂടാ? ആ ചിന്ത ജി.കെ പിള‌ളയിൽ വാശിയായി മാറി. പിന്നെ പട്ടാളത്തിൽ തുടരാൻ തോന്നിയില്ല. ജോലിയിൽ നിന്നും പിരിഞ്ഞ് നാട്ടിലേക്ക് വന്നു. അന്ന് 25 രൂപ ശമ്പളമുണ്ടായിരുന്നു. അക്കാലത്തെ നല്ലൊരു ശമ്പളമായിരുന്നു അത്. അതുപേക്ഷിച്ചാണ് ജി.കെ പിള‌ള ചലച്ചിത്ര മോഹത്തിന് പിന്നാലെയെത്തിയത്.

12 വർഷം സർവീസ് പൂർത്തിയായാലേ പട്ടാള പെൻഷൻ ലഭിക്കുമായിരുന്നുള‌ളു. അതില്ലാതെ കേവലം ഒരുമാസത്തെ ശമ്പളം മാത്രം കൈയിൽ വച്ച് നാട്ടിലെത്തി. പലയിടങ്ങളിൽ പോയി അഭിനയിക്കാൻ വഴി തേടി. എന്നാൽ കാണാൻ കൊള‌ളില്ല എന്നുപറഞ്ഞ് ആരും അനുകൂലിച്ചില്ല. 'തന്നെ എന്തിന് കൊള‌ളാം ഈ മോന്തയും വച്ച് അഭിനയിക്കാൻ വന്നിരിക്കുന്നു' എന്ന് പലരും കളിയാക്കിയിരുന്നതായി ജി.കെ പിള‌ള പറഞ്ഞിട്ടുണ്ട്.

മെറിലാന്റ് സുബ്രഹ്‌മണ്യത്തിന്റെ അടുത്താണ് അഭിനയ മോഹവുമായി ജി.കെ പിള‌ള ആദ്യം പോയത്. പ്രേംനസീർ, സത്യൻ, എസ്.പി പിള‌ള,തിക്കുറിശി, മുതുകുളം എന്നിവരൊക്കെയായിരുന്നു അന്നത്തെ അവിടുത്തെ പ്രധാന അഭിനേതാക്കൾ. സിനിമയ്‌ക്കൊന്നും പറ്റിയ ആളല്ല.അതിനുള‌ള യോഗ്യതയില്ല. പിന്നെങ്ങനെ സിനിമയിലെടുക്കും? എന്ന് അന്ന് സുബ്രഹ്‌മണ്യം മുതലാളി ജി.കെ പിള‌ളയോട് നേരിട്ട് ചോദിച്ചു.

നിരാശനായി മടങ്ങിയ ജി.കെ പിള‌ള മാസങ്ങൾക്ക് ശേഷം നാട്ടിൽ തീയേറ്റർ ഉണ്ടായിരുന്ന ഒരു സഹപാഠിയെ കണ്ടു. അഭിനയ മോഹവുമായി ചെന്നപ്പോൾ എല്ലാവരും ആക്ഷേപിക്കുന്നു എന്ന് അയാളോട് ജി.കെ പിള‌ള പറഞ്ഞു. ജി.കെ പിള‌ളയുടെ അഭിനയ മോഹം മനസിലാക്കിയ അദ്ദേഹം മദ്രാസിൽ പാരീസ് കോർണറിൽ ഒരാളെ കാണാൻ കത്ത് നൽകി. വൈകാതെ മദ്രാസിൽ മാമ്പലത്ത് മലയാളിയായ അസോസിയേറ്റ് പിക്‌ചേഴ്‌സ് വാസുദേവനെ കണ്ടു. അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിൽ പി.വാസുദേവൻ, എം.ഒ ജോസഫ് (മഞ്ഞിലാസ്), ദക്ഷിണാമൂർത്തി എന്നിങ്ങനെ കുറച്ചുപേർ ഇരുപ്പുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാനാണ് വന്നതെന്ന് കേട്ട് ഇവരും ചിരിച്ചു.

പിന്നീട് ഓഫീസിൽ വച്ചുതന്നെ വില്ലനായും വയസനായും അഭിനയിച്ചുകാണിച്ചു. അവർക്കത് ഇഷ്‌ടമായില്ല. പക്ഷെ പിറ്റേന്ന് വേഷം ഇട്ട് വാഹിനി സ്‌റ്റുഡിയോയിൽ വച്ച് ഷൂട്ടിംഗ് നടന്നു. അങ്ങനെ സിനിമാ നടനായി. സത്യൻ നായകനായ സ്‌നേഹസീമയായിരുന്നു ആ ചിത്രം. ആ ചിത്രം വിജയിച്ചതോടെ മെറിലാന്റ് സുബ്രഹ്‌മണ്യൻ മുതലാളി അടുത്ത ചിത്രത്തിൽ അഭിനയിക്കാനെത്താൻ ടെലിഗ്രാം അയച്ചു. അങ്ങനെ 'ഹരിശ്‌ചന്ദ്ര'യിൽ വിശ്വാമിത്രനായി അഭിനയിച്ചു. അങ്ങനെ സുദീർഘമായ സിനിമാ ജീവിതം ആ വാശിയിലൂടെ ജി.കെ പിള‌ള നേടി.