gst-hike

തിരുവനന്തപുരം: നാളെ മുതൽ 1000രൂപയിൽ താഴെയുള്ള വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വിലകൂടും. പുതുവർഷത്തിൽ ജിഎസ്ടി നിരക്ക് വർദ്ധിക്കുന്നതിനാലാണ് വിലവർദ്ധന ഉണ്ടാകുന്നത്. കൂടാതെ സർക്കാർ കരാറുകാരുടെ ജിഎസ്ടി നിരക്കും എടിഎം സേവനത്തിന്റെ ഫീസിലും വർദ്ധനവുണ്ടാകും. നിരക്കു വർദ്ധന മാറ്റി വയ്ക്കണമെന്ന ആവശ്യം ഇന്ന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചർ‌ച്ചചെയ്യും.

1000രൂപയിൽ താഴെയുള്ള തുണികൾക്കും പാദരക്ഷകൾക്കും ജിഎസ്ടി നിരക്ക് അഞ്ചിൽ നിന്നും 12ശതമാനമായാണ് ഉയരുന്നത്. 7ശതമാനത്തിന്റെ വർ‌ദ്ധനയാണ് ഒറ്റയടിക്ക് ഉണ്ടാവുന്നത്. ഭൂരിഭാഗം വരുന്ന സാധാരണക്കാരും വാങ്ങുന്നത് ആയിരം രൂപയിൽ താഴെയുള്ള വസ്ത്രങ്ങളായതിനാൽ ജനങ്ങളിൽ അതുണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനം മാറ്റിയില്ലെങ്കിൽ പുതുവർഷം വിലക്കയറ്റത്തിന്റേതാകും. നിലവിലുള്ള സ്റ്റോക്കിന് വില കൂട്ടാനാകാത്തതിനാൽ വ്യാപാരികളും വെട്ടിലായിരിക്കുകയാണ്. എംആർപിയിൽ നിന്നും വില കൂട്ടി വിൽക്കാനാകാത്തതിനാൽ നിലവിലുള്ള സ്റ്റോക്കിന് നികുതി കൈയ്യിൽ നിന്നും നൽകേണ്ടതിനാൽ തങ്ങൾക്ക് നഷ്ടമുണ്ടാവുമെന്ന് വ്യാപാരികൾ പറയുന്നു.

കിഫ്ബി, ജലഅതോരിറ്റി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളുടെ കരാറേറ്റെടുത്ത സർക്കാർ കരാറുകാർക്ക് ജിഎസ്ടി നിരക്ക് 12ൽ നിന്ന് 18ആയി ഉയരും. എടിഎമ്മിന്റെ സൗജന്യ സേവനങ്ങൾ കഴിഞ്ഞുള്ള ഓരോ പണമിടപാടിനും ഫീസ് 20ൽ നിന്ന് 21ആയി വർദ്ധിക്കും. അതിന് പുറമെ 18ശതമാനം ജിഎസ്ടിയും നൽകണം.

ഇതേ സമയം സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ്പ്' പുതുവർഷത്തിൽ നിലവിൽ വരും. ആശുപത്രികളുടെയും ഗുണഭോക്താക്കളുടെയും പട്ടികയിൽ അന്തിമ തീരുമാനം ആകാത്തതിനാൽ ആനുകൂല്യം ലഭിക്കാൻ ഒരു മാസം കൂടെ വൈകുമെന്നാണ് ധനവകുപ്പ് അറിയിച്ചത്. ഫെബ്രുവരി ഒന്നു മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണവും നിലവിൽ വരും.