
തിരുവനന്തപുരം: പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ നിന്ന് സ്വന്തം ചിത്രം മുറിച്ചെടുത്ത് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി. സമ്മതം ചോദിക്കാതെ ഫ്ലക്സിൽ ചിത്രം ഉൾപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇയാൾ സ്വന്തം ചിത്രം മുറിച്ചെടുത്തത്.
തന്റെ സമ്മതം ഇല്ലാതെ പരിപാടിയുടെ നോട്ടിസിൽ പേര് വച്ചതും ഫ്ലക്സ് ബോർഡിൽ ചിത്രം നൽകിയതും ശശിയെ പ്രകോപിതനാക്കിയിരുന്നു. ഇതിനേ തുടർന്നാണ് പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജംഗ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്ന് ഇയാൾ സ്വന്തം ചിത്രം വെട്ടിയെടുത്തത്. ഇന്നലെയായിരുന്നു സംഭവം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പാർട്ടിയുടെയും പഞ്ചായത്ത് കമ്മിറ്റിയുടെയും അനുവാദം വാങ്ങിയതിന് ശേഷമാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നൽകുന്ന വിശദീകരണം.
നേരത്തെ കിടങ്ങുമ്മൽ ആരോഗ്യ സബ് സെന്ററിന്റെ ഉദ്ഘാടനം ആദ്യം നടത്തിയെന്ന് കാണിച്ച് ശശി സ്ഥാപിച്ച ശിലാഫലകം പഞ്ചായത്ത് മാറ്റി സ്ഥാപിച്ചിരുന്നു. പിന്നാലെ ഇവിടെയെത്തിയ ശശി ശിലാഫലകം തകർത്തതിനെ തുടർന്ന് ഇയാൾ അറസ്റ്റിലായിരുന്നു.