hyderabad

ഹൈദരാബാദ്: പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള തീരുമാനം കേന്ദ്രം കൈക്കൊണ്ടതിന് പിന്നാലെ ഹൈദരാബാദിൽ വൻ വിവാഹത്തിരക്ക്. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് പെൺമക്കളെ വിവാഹം ചെയ്തയക്കാനുള്ള തിടുക്കത്തിലാണ് മിക്ക ഗ്രാമവാസികളും. തന്റെ ‌പെൺമക്കളെ കുറഞ്ഞ ദിവസത്തിനുള്ളിൽ വിവാഹം ചെയ്തു വിടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഹൈദരാബാദിലെ ചില ഗ്രാമീണർ. സർക്കാരിന്റെ തീരുമാനം പുറത്തുവന്നതിനെ തുടർന്ന് കല്യാണങ്ങളുടെ ഒരു നീണ്ട നിരയ്ക്കാണ് ഹൈദരാബാദ് സാക്ഷിയായത്. ഈ പ്രവണത ഇപ്പോഴും ഗ്രാമങ്ങളിൽ തുടരുകയാണ്.

2022ൽ നടത്താൻ തീരുമാനിച്ചിരുന്ന മകളുടെ വിവാഹം കഴിഞ്ഞ ഞായറാഴ്ച നടത്തേണ്ടി വന്നത് വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കാരണമാണെന്നാണ് ഹൈദരാബാദിലെ കാലാ പത്തർ നിവാസി ഹമീദാ സുൽത്താൻ വെളിപ്പെടുത്തുന്നത്. തനിക്ക് മൂന്ന് പെൺമക്കളാണുള്ളതെന്നും കൊവിഡിന് പുറമേ കല്യാണവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹമീദ പറയുന്നു. മൂത്ത മകളുടെ വിവാഹം പതിനെട്ട് വയസിലായിരുന്നുവെന്നും അവർ പറഞ്ഞു.

നാല് പെൺമക്കളും രണ്ട് ആൺമക്കളുമുള്ള തൗഫീക്കും സമാനമായ അനുഭവം പങ്കുവയ്ക്കുന്നു. തൗഫീക്കിന്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. കൊവിഡിനെ തുടർന്ന് ജോലിയും നഷ്ടമായി.

തങ്ങൾക്ക് മക്കളുടെ പഠനത്തിന്റെ ചെലവ് താങ്ങാനാകില്ലെന്നും തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് തന്നെ മകളുടെ വിവാഹം നീട്ടിവയ്ക്കാൻ സാധിക്കില്ലെന്നും തൗഫീക്ക് പറഞ്ഞു. ഖാസി പുരയിലെ വീട്ടിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തൗഫീക്കിന്റെ മകളുടെ വിവാഹം. ആറ് മാസത്തിനുള്ളിൽ വിവാഹ നിശ്ചയം നടത്തി രണ്ട് വർഷത്തിന് ശേഷം വിവാഹം നടത്താനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്.

വരന്റെ വീട്ടിൽ നിന്നും പെട്ടെന്ന് വിളി വന്നുവെന്നും ആ ആഴ്ച തന്നെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. തുടർന്ന് വിവാഹ ചടങ്ങുകൾ നിർവഹിക്കുന്നതിനായി ഖാസിയെ കണ്ടെത്താനുള്ള തിരക്കിലായിരുന്നെന്നും എല്ലാ ഖാസിമാരും വിവാഹത്തിരക്കിലായിരുന്നെന്നും ഒടുവിൽ ഏറെ ബുദ്ധിമുട്ടിയാണ് ഒരാളെ കണ്ടെത്താനായതെന്നും അവർ പറഞ്ഞു. മകളെ 21 വയസിന് ശേഷം വിവാഹം കഴിപ്പിക്കുകയാണെങ്കിൽ രണ്ടാമത്തെ മകളെ എത്രാമത്തെ വയസിൽ വിവാഹിതയാക്കുമെന്നും അവർ ചോദിക്കുന്നു. അപ്പോഴേക്കും മകൾക്ക് യോജിച്ച വരനെ ലഭിക്കില്ലെന്നും അവർ ആശങ്ക പങ്കുവച്ചു.

പുതിയ നിയമത്തെക്കുറിച്ചുള്ള വാർത്തകൾ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും വരന്റെ കുടുംബം കാത്തിരിക്കില്ലെന്നും അവർ ബന്ധം തകർക്കുമെന്ന് പലരും വിശ്വസിക്കുന്നതായും ഖദ്രിയ ഇന്റർനാഷണൽ ഓർഗനൈസേഷൻ പ്രസിഡന്റ് മൗലാന സയീദ്ദ് ഉൽ ഖദ്രി പറഞ്ഞു. പല രാജ്യങ്ങളും വിവാഹപ്രായം കുറയ്ക്കുകയാണ്. എന്നാൽ മോദി സർക്കാർ ഇത് കൂട്ടാനാണ് ശ്രമിക്കുന്നതെന്നും ബന്ധപ്പെട്ടവരുമായി ആലോചിക്കാതെ തീരുമാനമെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.