തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവത്സരാഘോഷം കണക്കിലെടുത്ത് എക്‌സൈസ് നടത്തിയ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിൽ റെക്കാഡ് ലഹരിവേട്ട. ഡിസംബർ 4 മുതൽ ഇന്നലെവരെ നടന്ന പരിശോധനയിൽ 522 കിലോ കഞ്ചാവ് പിടികൂടി. മാരക മയക്കുമരുന്നായ എം.ഡി.എം.എ (3.31 ഗ്രാം), ഹാഷിഷ് ഓയിൽ (453 ഗ്രാം), നാർകോട്ടിക് ഗുളികകൾ (264 ഗ്രാം), മെത്താംഫിറ്റമിൻ (40 ഗ്രാം), ബ്രൗൺ ഷുഗർ (3.8 ഗ്രാം), ഹെറോയിൻ (13.4 ഗ്രാം), വാറ്റ് ചാരായം (543 ലിറ്റർ), അനധികൃത മദ്യം (1072 ലിറ്റർ), കോട (33,​939 ലിറ്റർ)​ എന്നിവയും പിടികൂടി. 358 എൻ.ഡി.പി.എസ് കേസുകളും 1509 അബ്കാരി കേസുകളും രജിസ്‌റ്റർ ചെയ്തു. തിങ്കളാഴ്‌ച വരെ ഡ്രൈവ് തുടരുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. പാഴ്സൽ സർവീസ് വഴിയും കൊറിയർ മുഖേനയും മയക്കുമരുന്നുകൾ വ്യാപകമായി അയയ്ക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ ഭാഗമായി നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ലഹരിക്കടത്ത് സംബന്ധിച്ച വിവരങ്ങൾ 9447178000, 9061178000 എന്നീ കൺട്രോൾ റൂം നമ്പറുകളിൽ അറിയിക്കാം.