
ന്യൂഡൽഹി: തുണിത്തരങ്ങൾക്കും ചെരിപ്പുകൾക്കും വില വർദ്ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കില്ലെന്ന് ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് പുതിയ തീരുമാനം.
ചെരുപ്പുകൾക്കും വസ്ത്രങ്ങൾക്കും വർദ്ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ പുതിയ തീരുമാനം. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ നികുതി വർദ്ധനയ്‌ക്കെതിരെ നിലപാട് എടുത്തിരുന്നു. ഇതിനെ തുടർന്നാണ് വർദ്ധിപ്പിച്ച നികുതി ഉടൻ പ്രബാല്യത്തിൽ കൊണ്ടുവരേണ്ടെന്ന തീരുമാനം.
നികുതി വർദ്ധിപ്പിച്ച തീരുമാനത്തിൽ സംസ്ഥാനത്ത് വ്യാപകമായി പരാതി ഉയർന്നിരുന്നു. പുതിയ നികുതി പരിഷ്കാരം വ്യാപാര രംഗത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വ്യാപാര സംഘടനകൾ രംഗത്ത് വന്നിരുന്നു. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാൽ പുതിയ നികുതി പരിഷ്കാരം വസ്‌ത്ര വ്യാപാര മേഖലയെ തകർക്കും. കൂടാതെ മുപ്പതിനായിരത്തോളം വ്യാപാരികൾ പ്രതിസന്ധിയിലാകുമെന്നും അത് ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ട് ലക്ഷം കുടുംബങ്ങളെ പട്ടിണിയിലാക്കും എന്നും വ്യാപാരികൾ പറഞ്ഞിരുന്നു.