
കൊച്ചി: മൂത്ത സഹോദരിയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി ജിത്തുവിന്റെ മൊഴി പൊലീസ് പുറത്തുവിട്ടു. 25വയസുകാരിയായ വിസ്മയയെ കത്തി വീശി വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ തീ പടർന്നതോടെ ജിത്തുവിനെ ചേർത്തു പിടിക്കാനായി വിസ്മയ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന മേശയുടെ കാലുപയോഗിച്ച് ജിത്തു പ്രതിരോധിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. സഹോദരിയോട് വീട്ടുകാർക്കുള്ള സ്നേഹക്കൂടുതലാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് മൊഴി.
അറസ്റ്റിലായ ജിത്തുവിനെ പൊലീസ് പെരുവാരത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു.അക്രമണം നടത്തിയ സമയത്ത് ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രം പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. ഒരു മണിക്കൂറോളം തെളിവെടുപ്പ് നടന്നു. ജിത്തു കൃത്യമായി മൊഴികൾ നൽകിയെന്നാണ് പൊലീസ് പറഞ്ഞത്. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പറവൂർ കോടതിയിൽ ഹാജരാക്കും.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ പ്രസാദത്തിൽ ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് വിസ്മയയും ജിത്തുവും. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വിസ്മയ വീടിനുള്ളിൽ വെന്തുമരിച്ചത്. മാതാപിതാക്കൾ ആലുവയിൽ ഡോക്ടറെ കാണാൻ പോയ സമയത്തായിരുന്നു കൊലപാതകം. മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ് ഇവർ പോയത്. എന്നാൽ ഇടയ്ക്കു ജിത്തു നിർബന്ധിച്ച് സഹോദരിയെക്കൊണ്ട് കെട്ടഴിപ്പിക്കുകയായിരുന്നു. ജിത്തുവിന്റെ പ്രണയം ചേച്ചി ഇടപെട്ടു തകർത്തതു സംബന്ധിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തുകയായിരുന്നു. തുടർന്നു ജിത്തുവിനെ കാണാതായി. എറണാകുളം, തൃശൂർ ജില്ലകളിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടോടെ കാക്കനാടുള്ള ''തെരുവു വെളിച്ചം' അനാഥാലയത്തിൽ നിന്നുമാണ് ജിത്തുവിനെ പിടികൂടിയത്.