
തിരുവനന്തപുരം: ഒരു വശത്ത് അതിഥി ദേവോ ഭവ എന്ന് പറയുമ്പോഴും മറുവശത്ത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇപ്പോഴും വിദേശികൾ പ്രതിസന്ധികൾ നേരിടുകയാണ്. ടൂറിസം വികസനത്തിനായി നിരവധി പദ്ധതികൾ സർക്കാർ രൂപീകരിക്കുന്നുണ്ടെങ്കിലും അതൊക്കെ നിഷ്‌പ്രഭമാക്കുന്ന പ്രവർത്തികളാണ് കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പുതുവത്സരം ആഘോഷിക്കാൻ പല വിദേശികളും തിരഞ്ഞെടുക്കുന്നത് കേരളമാണ്. എന്നാൽ ന്യൂ ഇയർ ആസ്വദിക്കാൻ കോവളത്ത് എത്തിയ വിദേശിക്ക് നേരിടേണ്ടി വന്നത് ദുരവസ്ഥയാണ്.
കോവളത്ത് നടന്ന ഇത്തരമൊരു സംഭവം ഏറെ ചർച്ചയാവുകയാണ്. റിക്‌സൺ എടത്തിൽ പകർത്തിയ ദൃശ്യങ്ങൾ സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ ശ്രീജൻ ബാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. വിദേശിയെ യാത്രാമദ്ധ്യേ പൊലീസ് തടയുകയും ബാഗ് പരിശോധിക്കുകയും ചെയ്യുന്നു. തുടർന്ന് മദ്യം കണ്ടെത്തുകയും മദ്യം വാങ്ങിയതിന്റെ ബിൽ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇയാളുടെ പക്കൽ ബിൽ ഇല്ലാത്തതിനാൽ മദ്യം കൊണ്ടുപോകാൻ പൊലീസ് അനുവദിച്ചില്ല. തുടർന്ന് ഇയാൾ മദ്യം ഒഴിച്ചുകളയുന്നതിന്റെ ദൃശ്യങ്ങളാണ് ശ്രീജൻ ബാലകൃഷ്ണൻ പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പൊലീസിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അല്പം മുൻപ് കോവളത്ത് നടന്നത്. വിദേശിയാണ്. താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്നു. പോലീസ് ബാഗ് പരിശോധിച്ചു. ബില്ല് ചോദിച്ചു. കടയിൽ നിന്ന് വാങ്ങിയില്ലെന്ന് പറയുന്നു. കൊണ്ടുപോകാൻ പറ്റില്ലെന്ന് പോലീസ് ശഠിക്കുന്നു. മദ്യം അദ്ദേഹം കളയുന്നു. പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ ബാഗിൽ ഇടുന്നു. കാമറ കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി കളയണ്ടെന്ന് പോലീസ് പറയുന്നു. നിരപരാധിത്വം ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബില്ല് വാങ്ങി വരുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിഥി.
കോവളത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഓരോ ബാഗും തുറന്നു പരിശോധിക്കുകയാണ് പോലീസ്. മദ്യം ഉള്ളവരെ തിരിച്ചുവിടുന്നു. Kerala Tourism പിരിച്ചുവിടുന്നതാവും നല്ലത്. സംരംഭകർക്ക് എത്രയും വേഗം വേറെ പണി നോക്കാമല്ലോ
സുഹൃത്തും സഹജീവിയുമായ Rickson Edathil പകര്തിയ ദൃശ്യങ്ങൾ