
തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മാനേജ്‌മെന്റ് (മുംബയ്) ജേർണലിസം,പബ്ലിക്ക് റിലേഷൻസ് 2020 പിജി ഡിപ്ലോമാ കോഴ്സുകളിൽ ഒന്നാം റാങ്കും സ്വർണമെഡലും ഉൾപ്പെടെ എട്ടു ദേശീയ റാങ്കുകൾ തിരുവനന്തപുരം ഭവൻസ് കോളേജിനു ലഭിച്ചു. തിരുവനന്തപുരം കേന്ദ്രത്തിന്റെ നാല്പതാമതു ബാച്ചാണിത്. എല്ലാ ഉന്നതസ്ഥാനങ്ങളും വനിതകൾ കരസ്ഥമാക്കി എന്നതാണ് ഇത്തവണത്തെ സവിശേഷതയെന്ന് തിരുവനന്തപുരം കേന്ദ്രം ചെയർമാൻ കെ എസ് പ്രേമചന്ദ്രകുറുപ്പ് ഐഎഎസ് (റിട്ട) അറിയിച്ചു.
ജേർണലിസത്തിൽ ദേശീയതലത്തിൽ ഒന്നും രണ്ടും റാങ്കുകൾ യഥാക്രമം അന്ന മരിയ ജോസഫും കാർത്തിക ജയസൂറും കരസ്ഥമാക്കിയപ്പോൾ പബ്ലിക് റിലേഷൻസിൽ രേഷ്മമുരുകൻ ഒന്നാം റാങ്കിനർഹയായി. ഖാസസുബ്ബറാവു ഗോൾഡ് മെഡൽ (ജേർണലിസം ഒന്നാംറാങ്ക്), ചന്ദ്രകാന്ത് വോറ മെമ്മോറിയൽ ഗോൾഡ് മെഡൽ (റിപ്പോർട്ടിങ്), പോത്തൻ ജോസഫ് മെമ്മോറിയൽ സിൽവർ മെഡൽ (റൈറ്റിംഗ്), നാഗ്പൂർടൈംസ് ക്യാഷ്. പ്രൈസ്, ഫ്രാങ്ക് മൊറേസ് മെമ്മോറിയൽ സിൽവർ മെഡൽ (എഡിറ്റിംഗ്), എൻ.ആർ.ചന്ദ്രൻ മെമ്മോറിയൽ അവാർഡ്, സി.വി.നരസിംഹറെഡ്ഢി ഗോൾഡ്‌മെഡൽ (പബ്ലിക് റിലേഷൻസ്) എന്നിവയാണ് തിരുവനന്തപുരം കോളേജിലെ വിദ്യാർഥികൾക്കു ലഭിച്ചത്.
ഭവൻസ് ടവേഴ്സിൽ നടന്ന നാല്പതാമത് ബിരുദദാനച്ചടങ്ങിൽ കേരളസർവ്വകലാശാല പ്രൊവൈസ് ചാൻസലർ ഡോ പി.പി അജയകുമാർ ബിരുദവും പുരസ്‌കാരങ്ങളും സമ്മാനിച്ചു. ചെയർമാൻ കെ എസ് പ്രേമചന്ദ്രക്കുറുപ്പ് ആധ്യക്ഷം വഹിച്ചു. വൈസ് ചെയർമാൻ പ്രൊഫ ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി പ്രൊഫ മോഹനകുമാർ, സീനിയർ ഫാക്കൽറ്റി ഡോ എം.വി തോമസ്, പ്രിൻസിപ്പൽ പി.കെ സുരേന്ദ്രൻ, കോഴ്സ് ഡയറക്ടർ അജിത് വെണ്ണിയൂർ, ഫാക്കൽറ്റിയംഗം പ്രസാദ്നാരായണൻ എന്നിവർ സംസാരിച്ചു.