
 മദ്യം റോഡരികിലേക്ക് ഒഴിച്ച് കളഞ്ഞ് പ്രതിഷേധം
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടിൽ 'ഏട്ടിലപ്പടി പയറ്റിലിപ്പടി" എന്ന രീതിയിലാണ് ടൂറിസം വികസനം. വിദേശികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നിരവധി മാർഗങ്ങൾ ടൂറിസം വകുപ്പ് ആവിഷ്കരിക്കുന്നതിനിടയിലാണ് പുതുവത്സരാഘോഷത്തിനായി എത്തിയ വിദേശവിനോദസഞ്ചാരിയെ പൊലീസ് പീഡിപ്പിച്ചത്. 'അതിഥി ദേവോ ഭവ" എന്ന് നൂറു വട്ടം പറയുമ്പോഴും എങ്ങനെ വിദേശികളോട് പെരുമാറണമെന്നറിയാത്ത പൊലീസ്. കോവളത്ത് പുതുവത്സരാഘോഷത്തിനായി മദ്യം വാങ്ങിയ വിദേശിയെ വഴിയിൽ തടഞ്ഞായിരുന്നു ഇന്നലെ കോവളം പൊലീസിന്റെ പ്രകടനം. കോവളത്തെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മൂന്നു കുപ്പി മദ്യം വാങ്ങി ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന സ്വീഡൻ സ്വദേശിയായ സ്റ്റിഗ്ഗ് സ്റ്റീഫൻ ആസ്‌ബെർഗിനെ തടഞ്ഞാണ് പൊലീസ് ബാഗ് പരിശോധിച്ചത്. മദ്യത്തിന്റെ ബില്ല് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബില്ല് ഇല്ലെന്ന് പറഞ്ഞതോടെ മദ്യം കൊണ്ടുപോകാനാകില്ലെന്ന് പൊലീസ് നിർബന്ധം പിടിച്ചു.
വിചിത്രമായ നിയമത്തിനൊപ്പം പൊലീസിന്റെ ഭീഷണിസ്വരവും കൂടിയായതോടെ രണ്ടു കുപ്പികളിലെ മദ്യം റോഡരികിലേക്ക് ഒഴിച്ചു കളഞ്ഞു. പിന്നീട് ബിവറേജസിൽ പോയി ബില്ല് വാങ്ങി പൊലീസുദ്യോഗസ്ഥരെ കാണിച്ച ശേഷമാണ് അദ്ദേഹം താമസ സ്ഥലത്തേക്ക് പോയത്. ഇൗ കാഴ്ചകൾ വഴിയാത്രക്കാർ വീഡിയോയിൽ പകർത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇതിനിടയിലും അദ്ദേഹം ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പി വഴിയിൽ വലിച്ചെറിയാതെ ബാഗിൽ വച്ചു എന്നതാണ് ശ്രദ്ധേയം.
അതേസമയം, ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയിട്ടില്ലയെന്നും സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.