
ഏഷ്യൻ അണ്ടർ 19 ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്
ഫൈനലിൽ ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ചു
ഇന്ത്യ ഏഷ്യാകപ്പ് നേടുന്നത് എട്ടാം തവണ
ദുബായ് : ഏഷ്യൻ അണ്ടർ 19 ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന ഫൈനലിൽ ശ്രീലങ്കയെയാണ് ഇന്ത്യ കീഴടക്കിയത്. ദുബായ്‌യിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 38 ഓവറിൽ 106/9 എന്ന സ്കോറിലെത്തിയപ്പോൾ മഴ വീണു. തുടർന്ന് ഇന്ത്യയ്ക്ക് വിജയലക്ഷ്യമായി 32 ഓവറിൽ 102 റൺസ് നിശ്ചയിച്ചു. എന്നാൽ 21.3 ഓവറിൽ ഒരൊറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കണ്ടു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്വാളും രണ്ട് വിക്കറ്റ് വീഴ്ത്തിയ കൗശൽ താംബെയും ഓരോ വിക്കറ്റ് വീഴ്ത്തിയ രാജ്‌വർദ്ധനും രവി കുമാറും രാജ് ബാവയും ചേർന്നാണ് ലങ്കൻ ബാറ്റർമാരെ തകർത്തുകളഞ്ഞത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അൻഗ്രിഷ് രഘുവംശി (56) അർദ്ധസെഞ്ച്വറി നേടി.
ഇത് എട്ടാം തവണയാണ് ഇന്ത്യ അണ്ടർ19 ഏഷ്യാകപ്പിൽ ജേതാക്കളാകുന്നത്.ഏറ്റവും കൂടുതൽ ചാമ്പ്യന്മാരാകുന്ന ടീമാണ് ഇന്ത്യ.