
പുതുക്കാട്: തുണിക്കടയുടെ മറവിൽ വിദ്യാർത്ഥികൾക്കും മറ്റും ലഹരി വസ്തുക്കൾ വിൽപന നടത്തിവന്ന യുവാവിനെ അറസ്റ്റ് ചെയ്തു. നന്തിക്കര തൈവളപ്പിൽ വീട്ടിൽ മാക്കുട്ടി എന്നറിയപ്പെടുന്ന മഹേഷ് (40) ആണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി ജി.പൂങ്കുഴലിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ.സന്തോഷ്, പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പിടികൂടിയത്.
ഒരുമാസം മുമ്പാണ് ജില്ലാ പോലീസ് മേധാവിക്ക് ഫോണിൽ മഹേഷിന്റെ ലഹരിവിൽപനയെപ്പറ്റിയുള്ള രഹസ്യ വിവരം ലഭിച്ചത്. അതീവ രഹസ്യമായും മുൻ കരുതലോടെയുമാണ് കഞ്ചാവും മറ്റും വിൽപന നടത്തുന്നതെന്ന് കണ്ടെത്തിയ അന്വേഷണ സംഘം രണ്ട് തവണ ഇയാളിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇയാളെ രഹസ്യമായി വീക്ഷിച്ച അന്വേഷണ സംഘം കടയിലെത്തി ലഹരി വസ്തു വാങ്ങാനെത്തിയ യുവാവിനെ രഹസ്യമായി പിന്തുടർന്നു. യുവാവിന് നൽകാനായി നന്തിക്കര പെട്രോൾ പമ്പിന് സമീപത്ത് വച്ച് തന്റെ വാഹനത്തിൽ ഒളിപ്പിച്ച കഞ്ചാവ് പൊതി എടുത്ത സമയം പാഞ്ഞെത്തിയ അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. പിടികൂടിയ കഞ്ചാവ് നൂറുഗ്രാമിനടുത്ത് തൂക്കം വരും. ആയിരത്തി അറനൂറോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഇയാൾക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്നവരേയും ഇയാളുടെ സ്ഥിരം ഇടപാടുകാരെപ്പറ്റിയും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു. പ്രത്യേകാന്വേഷണ സംഘത്തിൽ പുതുക്കാട് സബ് ഇൻസ്പെക്ടർ പി.പി. ബാബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ.ബിനു, ഷിജോ തോമസ്, എൻ.വി.ശ്രീജിത, ദിനേശൻ, ജിബി പി.ബാലൻ എന്നിവരാണ് ഉണ്ടായിരുന്നത്.
മഹേഷ് (40).