
കായികലോകത്തിന് നേട്ടങ്ങളെ പോലെ വിവാദങ്ങളുടെ കൂടെ വർഷമായിരുന്നു 2021. വിരാട് കൊഹ്‌ലിയുടെ ക്യാപ്ടൻസി വിവാദവും അതിനോടനുബന്ധിച്ച് ബി സി സി ഐ അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്ടനുമായ സൗരവ് ഗാംഗുലിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുമാണ് കൂടുതൽ ശ്രദ്ധ ആകർഷിച്ചതെങ്കിലും മറ്റ് ചില വിവാദങ്ങളും മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 2021ൽ കായികലോകത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കൊഹ്‌ലി - ഗാംഗുലി പോര്
എല്ലാം തുടങ്ങിയത് കൊഹ്‌ലിയെ ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് നീക്കുന്ന വാർത്തയെത്തിയതോടെയാണ്. സെലക്ടർമാരുടെ തീരുമാനത്തിനുള്ള വിശദീകരണം എന്ന നിലയ്ക്ക് ഏകദിനങ്ങളിലും ടി ട്വന്റിയിലും രണ്ട് ക്യാപ്ടന്മാർ വരുന്നത് അനുചിതമാണെന്ന് തോന്നിയതിനാലാണ് കൊഹ്‌ലിയെ മാറ്റിയതെന്നും ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയുന്നത് പുനപരിശോധിക്കണമെന്ന് താൻ കൊഹ്‌ലിയോട് മുമ്പ് ആവശ്യപ്പെട്ടിരുന്നെന്നും ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് തിരിക്കുന്നതിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ ഗാംഗുലിയുടെ വാദങ്ങളെ തള്ളിയ കൊഹ്‌ലി തന്നോട് ആരും ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയുന്നത് പുനരാലോചിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന് തുറന്നടിച്ചു. മാത്രമല്ല ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കുന്ന കാര്യം അറിയുന്നത് തീരുമാനം പരസ്യമാക്കുന്നതിന് വെറും ഒന്നര മണിക്കൂർ മുമ്പ് മാത്രമാണെന്നും കൊഹ്‌ലി ആരോപിച്ചു.
എല്ലാ കാര്യങ്ങളും വളച്ചുകെട്ടലുകളില്ലാതെ ചെയ്യുന്ന വ്യക്തി എന്ന ഇമേജുള്ള ഗാംഗുലിക്ക് ലഭിച്ച കനത്ത പ്രഹരമായിരുന്നു കൊഹ്‌ലിയുടെ പത്രസമ്മേളനം. തുടർന്ന് വമ്പനൊരു വിവാദത്തിനാണ് ഇന്ത്യൻ കായികലോകം സാക്ഷ്യം വഹിച്ചത്.

സുശീൽ കുമാറിന്റെ അറസ്റ്റ്
ഗുസ്തിയിലെ ഒളിമ്പിക്സ് മെഡൽ ജേതാവ് എന്ന ഉന്നത സ്ഥാനത്ത് നിന്ന് ഒരു ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതക കേസിലെ പ്രതി എന്ന നിലയിലേക്ക് ഗുസ്തി താരം സുശീൽ കുമാർ നിലംപതിക്കുന്ന കാഴ്ചയും 2021ൽ കാണേണ്ടി വന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗുസ്തി താരമായിരുന്നു സുശീൽ കുമാർ. രണ്ട് തവണ ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കിയ സുശീൽ നിലവിൽ സാഗർ ധൻകർ എന്ന യുവഗുസ്തി താരത്തിന്റെ മരണത്തിന് തിഹാർ ജയിലിൽ കഴിയുകയാണ്. ന്യൂഡൽഹിയിലെ ചത്രസാൽ സ്റ്റേഡിയത്തിന് പുറത്ത് രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന അടിപിടിക്കിടയിൽ സാഗർ കൊല്ലപ്പെടുകയായിരുന്നു. ഒരു വസ്തുവിനെ സംബന്ധിച്ച് നടന്ന തർക്കത്തിനിടെ സുശീൽ സാഗറിനെ ഇതിന് മുമ്പും കയ്യേറ്റം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. സാഗർ കൊല്ലപ്പെട്ട അന്ന് സ്ഥലം വിട്ട സുശീൽ, ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സ്ഥലങ്ങളിൽ പൊലീസിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടി ഒളിച്ച് താമസിച്ചിരുന്നതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിലാണ് സുശീലിനെയും കൂട്ടുപ്രതിയായ അജയിയേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച് പുലിവാൽ പിടിച്ച ടിം പെയ്ൻ
2017ൽ ക്രിക്കറ്റ് ടാസ്മാനിയയിലെ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച വാർത്ത പുറത്തുവന്നതിനെ തുടർന്ന് ടിം പെയ്ൻ കഴിഞ്ഞ വർഷം ഓസ്ട്രേലിയയുടെ ക്യാപ്ടൻ സ്ഥാനം രാജിവച്ചു. 2017ൽ ലഭിച്ച പരാതിയിന്മേൽ അന്ന് തന്നെ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം നടത്തുകയും തങ്ങളുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് ടിം പെയ്ൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഈ അന്വേഷണത്തിന്റെ വിശദവിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും അതിനെ തുടർന്ന് പെയ്ൻ ക്യാപ്ടൻ സ്ഥാനം രാജിവയ്ക്കുകയുമായിരുന്നു. തന്റെ രാജി തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്തിൽ കുറ്രവിമുക്തനാക്കപ്പെട്ടെങ്കിലും ഈ വിഷയം വീണ്ടും സമൂഹത്തിൽ ചർച്ചയാകുന്നതിലുള്ള കുറ്റബോധം കൊണ്ടാണ് താൻ രാജിവയ്ക്കുന്നതെന്ന് പെയ്ൻ പറഞ്ഞു. സംഭവം നടന്നപ്പോൾ തന്നെ താൻ തന്റെ ഭാര്യയുമായി ഇതിനെകുറിച്ച് സംസാരിച്ചിരുന്നുവെന്നും ഭാര്യയും കുടുംബവും തനിക്ക് മാപ്പ് നൽകിയിരുന്നെന്നും പെയ്ൻ വ്യക്തമാക്കി. പെയ്ൻ രാജിവച്ച ഒഴിവിലേക്ക് പാറ്റ് കമ്മിൻസ് ക്യാപ്ടനായി എത്തി.

ലൈെഗികാരോപണം ഉന്നയിച്ച ചൈനീസ് ടെന്നിസ് താരത്തിന്റെ തിരോധാനം
കായികലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ചൈനീസ് ടെന്നിസ് താരം പെംഗ് ഷൂയിയുടെ തിരോധാനം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതനായ ഷാംഗ് ഗവോളി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയ പെംഗ് ഷൂയിയെ കുറിച്ച് പെട്ടെന്നൊരു ദിവസം ഒരു വിവരവും ലഭിക്കാതെയാകുകയായിരുന്നു. പെംഗിന്റെ തിരോധാനത്തെ തുടർന്ന് ലോകത്തിലെ ടെന്നിസ് താരങ്ങൾ എല്ലാവരും ചൈനയ്ക്കെതിരെ രംഗത്ത് വന്നു. മുൻ നിര ടെന്നിസ് താരങ്ങളായ നവോമി ഒസാക്ക, സെറീന വില്ല്യംസ്, നൊവാക്ക് ജോക്കോവിച്ച് തുടങ്ങി നിരവധി പേർ പെംഗ് ഷൂയിയെ കണ്ടെത്തണമെന്നാശ്യപ്പെട്ട് ട്വീറ്റ് ചെയ്തു.
ഒടുവിൽ ദിവസങ്ങൾക്കു ശേഷം നവംബർ 21ന് ഐ ഒ സി പ്രസിഡന്റ് തോമസ് ബാക്കുമായി പെംഗ് ഷൂയി ഒരു ഓൺലൈൻ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രചരിക്കുകയും താൻ ടെന്നിസ് താരവുമായി നേരിട്ട് സംസാരിച്ചുവെന്ന് തോമസ് ബാക്ക് അവകാശപ്പെടുകയും ചെയ്തു. എന്നാൽ ഐ ഒ സിയുടെ അവകാശവാദങ്ങൾ പൂർണമായും വിശ്വസിക്കാത്ത അന്താരാഷ്ട്ര വനിതാ ടെന്നിസ് അസോസിയേഷൻ ചൈനയുമായുള്ള അവരുടെ എല്ലാ ബന്ധങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ചൈനയിലും ഹോംഗ് കോംഗിലുമായി നടക്കേണ്ടിയിരുന്ന എല്ലാ ടെന്നിസ് മത്സരങ്ങളിൽ നിന്നും ഡബ്ളിയു ടി എ പിന്മാറുകയും ചെയ്തു.

മുട്ടുകുത്താത്ത ഡി കോക്ക്
വർണ്ണവിവേചനത്തിന് എതിരായ പോരാട്ടത്തിനുള്ള ഐക്യദാർഢ്യമെന്ന നിലയ്ക്ക് കായികതാരങ്ങൾ ചില മത്സരം തുടങ്ങുന്നതിന് മുമ്പ് മുട്ടുകുത്താറുണ്ട്. എന്നാൽ ടി ട്വന്റി ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ മുട്ടുകുത്താൻ വിസ്സമതിച്ച ദക്ഷിണാഫ്രിക്കൻ താരം ഡി കോക്ക് വർഗ്ഗീയവാദി ആണെന്ന ആരോപണം ശക്തമായി. തുടർന്ന് ഒരു പരസ്യ പ്രസ്താവന ഇറക്കിയ ഡി കോക്ക്, താൻ ഒരു വർഗ്ഗീയവാദിയല്ലെന്നും അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമമുണ്ടെന്നും പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ മുട്ടുകുത്താത്തതിന് തന്റേതായ കാരണങ്ങളുണ്ടായിരുന്നെന്നും എന്നാൽ ഇനിയുള്ള എല്ലാ മത്സരങ്ങളിലും താൻ മുട്ടുകുത്തുമെന്ന് പറഞ്ഞു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഡി കോക്ക് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു.

മണിക ബത്ര തുടക്കമിട്ട ഒത്തുകളി വിവാദം
ഒളിമ്പിക്സിൽ ദേശീയ പരിശീലകനായ സൗമ്യദീപ് റോയിയുടെ പരിശീലനം നിരസിച്ച ടേബിൾ ടെന്നിസ് താരം മണിക ബത്രയോട് വിശദീകരണം ചോദിച്ച ടേബിൾ ടെന്നിസ് അസോസിയേഷന് ലഭിച്ചത് രാജ്യത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയായിരുന്നു. അർജുന അവാർഡ് ജേതാവ് കൂടിയായ സൗമ്യദീപ് റോയി തന്റെ ശിഷ്യയായ സുതീർത്ഥ മുഖർജിക്ക് ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്നതിന് വേണ്ടി തന്നോട് മത്സരം തോറ്റുകൊടുക്കാൻ ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണമാണ് മണിക ഉന്നയിച്ചത്. അത്തരമൊരു ആവശ്യം തന്നോട് പറഞ്ഞ വ്യക്തിയെ പരിശീലക സ്ഥാനത്ത് കാണാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് താൻ ഒളിമ്പിക്സിന് അദ്ദേഹത്തിന്റെ സഹായം ചോദിക്കാതിരുന്നതെന്ന് മണിക വ്യക്തമാക്കി. മണികയുടെ ആരോപണത്തെ തുടർന്ന് ടേബിൾ ടെന്നിസ് അസോസിയേഷൻ സൗമ്യദീപ് റോയിയോട് വിശദീകരണം ചോദിച്ചു.