
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ ഡെൽറ്റയെ മറികടക്കാൻ തുടങ്ങിയതായി കേന്ദ്രസർക്കാർ വൃത്തങ്ങളുടെ മുന്നറിയിപ്പ്. കൊവിഡ് കേസുകളിൽ വൻ വർദ്ധനയാണ് ഇന്നുണ്ടായത്. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലുമാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8.067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബയിൽ മാത്രം ഇന്ന് 5278 പേർക്കാണ് കൊവിഡ് സ്ഥികരീകരിച്ചത്. 1766 പേര്‍ കൊവിഡ് മുക്തരായി. 8 പേര്‍ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പശ്ചിമബംഗാളില്‍ ഇന്ന് മാത്രം 3451പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1510 പേര്‍ രോഗമുക്തരായപ്പോള്‍ ഏഴ് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 19,764 ആയി.. കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. .
രാജ്യത്ത് ഇതുവരെ 1270 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് . ഇന്ന് മാത്രം 309 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. . ഒമൈക്രോണ്‍ വ്യാപനത്തിന് സാധ്യതയുള്ള 19 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളോട് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട് വിദേശത്ത് നിന്ന് നാട്ടിലെത്തി കൊവിഡ് ആകുന്നവരില്‍ 80ശതമാനവും ഒമിക്രോണ്‍ ബാധിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു .ഒമിക്രോണ്‍ ബാധിച്ച മൂന്നില്‍ ഒരാള്‍ക്ക് മാത്രമേ നേരിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുള്ളൂ. അവശേഷിക്കുന്നവര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല.